വടക്കഞ്ചേരി: തരൂര്‍ ചന്തം ഇപ്പോള്‍ ഇങ്ങനെയായി. പാതയോരങ്ങള്‍ മനോഹരവും ഹരിതാഭവുമാക്കാൻ പരിസ്ഥിതി ദിനത്തില്‍ നട്ട തണല്‍ മരങ്ങള്‍ പൊന്തക്കാട് കയറി ചന്തമില്ലാതായി. മരതൈകള്‍ക്ക് ചുറ്റും നെറ്റ് വേലി സ്ഥാപിച്ചിരുന്നെങ്കിലും കൂടിനുള്ളിലും പാഴ്ചെടികള്‍ അതിക്രമിച്ചു കയറി എംഎല്‍എ നട്ട ചെടികളെയും വളരാൻ അനുവദിക്കാതെ വീര്‍പ്പുമുട്ടിക്കുകയാണ്. ആരെങ്കിലും രക്ഷിക്കാൻ എത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഈ മരതൈകള്‍.
തരൂര്‍ ചന്തം എന്നാണ് ഇതിനെയെല്ലാം അന്ന് പേരിട്ടത്. ഈ ബോര്‍ഡുകള്‍ ഇപ്പോഴും കൂടുകളില്‍ തൂങ്ങിനില്‍പ്പുമുണ്ട്. ലോക പരിസ്ഥിതി ദിനങ്ങളില്‍ നടുന്ന ചെടികളുടെയെല്ലാം ഗതി ഇങ്ങനെയാകുമെന്ന് അറിയാമെങ്കിലും എംഎല്‍എ ഉദ്ഘാടനം ചെയ്ത തൈ നടീല്‍ ഇങ്ങനെ പൊന്തക്കാട് കയറി ആളുകള്‍ക്ക് അതും ഇതും പറയാനുള്ള വഴിയാകുമെന്ന് നാട്ടുകാരും അത്ര പ്രതീക്ഷിച്ചില്ല. ഇനിയും സമയം വൈകിയിട്ടില്ല. ഇപ്പോഴാണെങ്കിലും പൊന്തക്കാടുകള്‍ വെട്ടിമാറ്റി ഈ മരച്ചെടികളെ രക്ഷിക്കാമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
പുല്ലുകള്‍ക്കും പാഴ്ചെടികള്‍ക്കുമെല്ലാം നന്നായി വളരാനാകുന്ന സാഹചര്യമാണ് ഇത്തവണത്തെ മഴക്കാലവും. മഴ തുടര്‍ച്ചയായി ഇല്ല. ഇടയ്ക്ക് നല്ല മഴയും പെരുവെയിലും. ഇത് പാഴ്‌ചെടികള്‍ക്ക് വളരാൻ ഏറെ അനുകൂലമായ കാലാവസ്ഥയുമായി.
പുല്‍ക്കാട് കയറി തോട്ടങ്ങളുടെ പരിചരണവും എവിടെയും നടക്കുന്നില്ല. കൂലി ചെലവ് കണക്കുകൂട്ടുമ്ബോള്‍ പുല്ല് വളര്‍ന്നുനില്‍ക്കുന്നത് തന്നെയാണ് ലാഭകരം എന്ന നിലപാടിലാണ് തോട്ടം ഉടമകളും.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.