നെന്മാറ ആശുപത്രിയില്‍ എത്തുന്ന വാഹനങ്ങള്‍ പെരുവഴിയില്‍

നെന്മാറ : നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് റോഡരികില്‍. രോഗികളും രോഗികളെ സന്ദര്‍ശിക്കാൻ എത്തുന്നവരുടെയും വാഹനങ്ങള്‍ ആശുപത്രി വളപ്പില്‍ നിര്‍ത്തിയിടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതാണ് കാരണം.ഇതുമൂലം വലിയ വാഹനങ്ങള്‍ നെല്ലിയാമ്ബതി റോഡിലും ഇരുചക്രവാഹനങ്ങള്‍ ബസ് സ്റ്റാന്‍റിലേക്കുള്ള റോഡ് അരികിലും നിര്‍ത്തിയിടുകയാണ് ചെയ്യുന്നത്. ആശുപത്രി ഒപിയിലേക്ക് വരുന്ന രോഗികള്‍ ചികിത്സ കഴിയുന്നതുവരെ റോഡരികില്‍ വാഹനം നിര്‍ത്തിയിടുന്നത് വലിയ ഗതാഗതക്കുരുക്കുണ്ടാക്കുന്നുണ്ട്. നെല്ലിയാമ്പതി റോഡിലും പോലീസ് സ്റ്റേഷന് സമീപവും ഇതുമൂലം ഇരുവശങ്ങളിലും വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെടുന്നു.ചെറിയ വാഹനങ്ങള്‍ക്ക് ആശുപത്രി വളപ്പില്‍ തന്നെ പ്രധാന കെട്ടിടത്തിന് പിൻഭാഗത്തായി നിര്‍ത്തിയിടാൻ അനുവാദം നല്കിയാല്‍ ഒരു പരിധി വരെ റോഡിലെ തിരക്ക് കുറയ്ക്കാൻ കഴിയും. ആശുപത്രി വികസന സമിതി നിയമിച്ച സെക്യൂരിറ്റി ജീവനക്കാര്‍ ആശുപത്രി വളപ്പിനകത്ത് രോഗികളെ ഇറക്കിയാലുടൻ വാഹനങ്ങള്‍ പുറത്തേയ്ക്ക് അയയ്ക്കുകയാണ്. ബസ് സ്റ്റാൻഡിലേക്കുള്ള റോഡരികില്‍ അടുത്തിടെ പോലീസ് ബാരിക്കേഡുകളും ബോര്‍ഡുകളും നിരത്തിവച്ചതോടെ വാഹനങ്ങള്‍ക്ക് നിര്‍ത്താനുള്ള ഇടം വീണ്ടും കുറഞ്ഞു.ആശുപത്രി കവാടത്തിനു നേരെ ഒരുവശത്ത് ആംബുലൻസും ഒരുവശത്ത് ഓട്ടോറിക്ഷയും മറ്റു വാഹനങ്ങളും സ്വയം പാര്‍ക്കിംഗ് സ്റ്റാൻഡ് ബോര്‍ഡ് വച്ച്‌ പൊതുജനങ്ങളുടെ വാഹനം നിര്‍ത്താൻ അനുവദിക്കാറില്ല. മാട്ടുപ്പാറ ഭാഗത്തേക്കും ക്രിസ്തുരാജ ദേവാലയത്തിലേയ്ക്കും പോകുന്ന വാഹന-കാല്‍നട യാത്രക്കാര്‍ക്ക് അസൗകര്യം നേരിടുന്നു. പലരും രോഗിയെയും കൊണ്ട് അത്യാവശ്യഘട്ടങ്ങളില്‍ വാഹനവുമായി വരുന്നവരാണ്. അടുത്തുകിട്ടുന്ന സ്ഥലത്ത് വാഹനം നിര്‍ത്തി പ്രാഥമിക ചികിത്സയ്ക്കും മരുന്നിനുമായി ഓടുന്നതിനിടെ ടാക്സി ഓട്ടോ സ്റ്റാൻഡിലുള്ളവരുമായി വഴക്ക് കൂടുന്നത് പതിവു കാഴ്ചയാണ്. പഞ്ചായത്തും ആശുപത്രിയും പാര്‍ക്കിംഗിന് പ്രത്യേകം സ്ഥലം കണ്ടെത്തി പ്രശ്നം പരിഹരിക്കണമെന്നാണ് ആശുപത്രിയില്‍ വരുന്നവരുടെയും മറ്റും ആവശ്യം. ആശുപത്രിയില്‍ പുതിയ നിര്‍മാണ പ്രവൃത്തികള്‍ നടത്തുമ്ബോള്‍ പാര്‍ക്കിംഗ് സൗകര്യം പരിഗണിച്ചിട്ടില്ല. ആശുപത്രി വളപ്പില്‍ യഥേഷ്ടം സ്ഥലം കാടുമുടി കിടക്കുമ്ബോഴും പുതിയ കെട്ടിടങ്ങള്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് ഇറക്കിയാണ് നിര്‍മാണം നടത്തുന്നത്. ഇത് ആശുപത്രിയുടെ വികസനത്തിനും തടസമാകുന്നു.”