വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിൽ വീണ്ടും കുത്തിപ്പൊളിക്കൽ.

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപ്പാലത്തിൽ തകർച്ചയെത്തുടർന്ന് വീണ്ടും കുത്തിപ്പൊളിക്കൽ. തൃശ്ശൂർ ദിശയിലേക്കു ഉള്ള പാലത്തിൽ ബീമുകൾ ചേരുന്ന മൂന്ന് ജോയന്റുകളിലാണ് കോൺക്രീറ്റ് ഇളകി തകർച്ചയുണ്ടായത്. ജോയന്റിലെ കോൺക്രീറ്റ് പൂർണമായി കുത്തിപ്പൊളിച്ചു നീക്കി വീണ്ടും കോൺക്രീറ്റ് ചെയ്ത
താണ് പ്രശ്നം.

ഫെബ്രുവരിയിൽ പാലം ഗതാഗതത്തിനായി തുറന്നശേഷം ഇരുദിശകളിലുമായി എൺപതോളം തവണ ജോയന്റുകൾ കുത്തിപ്പൊളിച്ച് നന്നാക്കിയെങ്കിലും വീണ്ടും തകരുന്നത് പാലത്തിന്റെ സുരക്ഷയിൽ ആശങ്ക ഉയർത്തുന്നുണ്ട്. കുതിരാനിൽ തുരങ്കവുമായി ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിലും ജോയന്റുകളിലെ തകർച്ചമൂലം ഇടയ്ക്കിടെ കുത്തിപ്പൊളിച്ച് നന്നാക്കുന്നുണ്ട്.

ഇതിനുപുറമേ, റോഡിൽ പലയിടത്തുമുള്ള നിരപ്പുവ്യത്യാസം, വഴുക്കുംപാറയിൽ സംരക്ഷണഭിത്തി നിർമാണം നടക്കുന്നതു മൂലമുള്ള ഗതാഗതനിയന്ത്രണം, കുതിരാൻ തുരങ്കത്തിനുള്ളിലെ ചോർച്ച തുടങ്ങിയവ സുഗമമായ ഗതാഗതത്തിന് തടസ്സമാണ്.

കുതിരാൻ തുരങ്കപാത ഉൾപ്പെടുന്നതിനാൽ ഉയർന്ന നിരക്കാണ് പന്നിയങ്കരയിലെ ടോൾ കേന്ദ്രത്തിൽ ഈടാക്കുന്നത്. 58 കിലോമീറ്റർ വരുന്ന വാളയാർ-വടക്കഞ്ചേരി നാലുവരിപ്പാതയിൽ കാറുകൾക്ക് ഒരുദിശയിലേക്ക് 75 രൂപ ഈടാക്കുമ്പോൾ 28 കിലോമീറ്ററുള്ള വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ കാറുകൾക്ക് 110 രൂപയാണ് കൊടുക്കേണ്ടി വരുന്നത്.