ആശുപത്രിയിലേക്ക് പോകുന്ന വഴി ആംബുലൻസിനുള്ളില്‍ കിഴക്കഞ്ചേരി സ്വദേശിനിയായ യുവതിക്ക് സുഖ പ്രസവം.

വടക്കഞ്ചേരി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശിനിയായ 21 കാരിയാണ് ആംബുലൻസില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

ഇന്ന് രാവിലെ 10.35നാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് 108 ആംബുലൻസ് കണ്‍ട്രോള്‍ റൂമിലേക്ക് അത്യാഹിത സന്ദേശം എത്തുന്നത്. ഈ സമയം യുവതിയുമായി ബന്ധുക്കള്‍ വടക്കഞ്ചേരി ഭാഗത്ത് മറ്റൊരു വാഹനത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് പ്രസീത് പി.എസ്, എമര്‍ജൻസി മെഡിക്കല്‍ ടെക്‌നീഷ്യൻ അനൂപ് ജോര്‍ജ് എന്നിവര്‍ യുവതിയുമായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചു.

ആംബുലൻസ് തൃശൂര്‍ പട്ടിക്കാട് ഭാഗത്ത് എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും, കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കിയ എമര്‍ജൻസി മെഡിക്കല്‍ ടെക്‌നീഷ്യൻ അനൂപ് ജോര്‍ജ് ആംബുലൻസില്‍ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി.

11.10ന് എമര്‍ജൻസി മെഡിക്കല്‍ ടെക്‌നീഷ്യൻ അനൂപ് ജോര്‍ജിന്റെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ച്‌ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും, കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.