പോത്തുണ്ടി കനാലുകൾ ഉടൻ വൃത്തിയാക്കും.

നെന്മാറ: പോത്തുണ്ടി അണക്കെട്ടിന്റെ പരിധിയിൽ വരുന്ന പ്രധാന കനാലുകൾ വൃത്തിയാക്കുന്നതിന് നടപടിയായി. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളായി തിരിച്ച് പ്രധാന കനാലുകളും, ബ്രാഞ്ച് കനാലും, സബ് കനാലുകളും വൃത്തിയാക്കും.

ഇടതുകര കനാലിന്റെ ഭാഗമായ 45 കിലോമീറ്ററും, വലതുകര കനാലിന്റെ ഭാഗമായ 60 കിലോമീറ്ററും നന്നാക്കുന്നതിനാണ് നടപടി സ്വീകരിച്ചത്. ഒന്നാംവിള നെൽക്കൃഷിക്കായി അണക്കെട്ടിൽനിന്ന് ജലവിതരണം ആരംഭിച്ചപ്പോൾ മിക്കയിടത്തും കനാലുകൾ നന്നാക്കാത്തതിനാൽ വെള്ളം ലഭിച്ചില്ല.

ചില ഭാഗങ്ങളിൽ കർഷകരുടെയും, പാടശേഖരസമിതി ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കനാലുകൾ വൃത്തിയാക്കിയത്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കാഡാ കനാലുകൾ ഉൾപ്പെടെ നവീകരിച്ചിരുന്നത്. ആവർത്തന പ്രവൃത്തികൾ നടത്തുന്നതിന് നിയന്ത്രണം വന്നതോടെ നടപ്പാക്കാൻ കഴിയാതെ വന്നു.

ഇതോടെയാണ് ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ കനാലുകൾ വൃത്തിയാക്കുന്നതിന് കരാർ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. നവംബർ പകുതിയോടെ കനാലുകൾ വൃത്തിയാക്കാനാണ് തീരുമാനം. പോത്തുണ്ടി അണക്കെട്ടിൽ നിലവിൽ 21 അടി വെള്ളമാണുള്ളത്.

55 അടി സംഭരണശേഷിയുള്ള അണക്കെട്ടിൽ നിന്ന് നിലവിൽ 15 ദിവസം ഇരുകനാലുകളിലൂടെയും ജലവിതരണം നടത്താനേ കഴിയുകയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്.