നെന്മാറ: നെന്മാറ നെല്ലിയാമ്പതി ചുരം റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞദിവസം രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരങ്ങള്‍ റോഡിലേയ്ക്ക് വീണത്. നെല്ലിയാമ്പതി ചെറുനെല്ലി എസ്റ്റേറ്റിന് മുകള്‍ഭാഗത്തായാണ് റോഡിലേക്ക് ആറു മരങ്ങള്‍ അടുത്തടുത്തായി വീണത്.
കൊല്ലങ്കോട് നിന്ന് അഗ്നിരക്ഷാസേനയും, പോത്തുണ്ടി വനം ജീവനക്കാരും, തൊഴിലാളികളും ചേര്‍ന്ന് പതിനൊന്നരയോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. രാവിലെ നെല്ലിയാമ്പതിയില്‍ നിന്ന് നെന്മാറയിലേക്ക് വന്ന ബസും, നെന്മാറയില് നിന്ന് നെല്ലിയാമ്പതിയിലേക്ക് പോയ ബസും വഴിയില്‍ കുടുങ്ങി.

നെല്ലിയാമ്പതിയിലേക്ക് രാവിലെ ജോലിക്കായി പുറപ്പെട്ട തൊഴിലാളികളും, ജീവനക്കാരും, നെല്ലിയാമ്പതിയില്‍ നിന്ന് നെന്മാറയിലേക്ക് വന്ന യാത്രക്കാരും, വിദ്യാര്‍ഥികളും ഗതാഗതക്കുരുക്കില്‍ ഏറെ നേരം കുരുങ്ങി. കെഎസ്ആര്‍ടിസിയുടെ മറ്റു ബസുകള്‍ നെന്മാറയില് സര്‍വീസ് അവസാനിപ്പിച്ചു.
ഗതാഗതക്കുരുക്ക് ഉണ്ടായ സ്ഥലം വരെ നെല്ലിയാമ്പതിയില്‍ നിന്നും, നെന്മാറയില് നിന്നും രാവിലെ താത്കാലികമായി ജീപ്പുകള്‍ സര്‍വീസ് നടത്തി പ്രശ്നം പരിഹരിച്ചു. നെല്ലിയാമ്പതിയിലേക്ക് ഉച്ചയ്ക്ക് രണ്ടുമണിയോടെ കെഎസ്ആര്‍ടിസി ബസിന്റെ ഒരു ട്രിപ്പ് മാത്രമാണ് ഇന്നലെ ഉണ്ടായിരുന്നത്. രാത്രിയും നെല്ലിയാമ്പതി ഉള്‍പ്പെടെ മേഖലയില്‍ വീണ്ടും ശക്തമായ മഴ തുടരുകയാണ്.

Similar News
നീലിപ്പാറയിൽ കണ്ടെയ്നർ ലോറി ട്രാവലറിൽ ഇടിച്ച് അപകടം; 4 പേർക്ക് പരിക്ക്.
ദേശീയ പാത വഴുക്കുംപാറയിൽ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം.
ബാലസുബ്രഹ്മണ്യന്റെ ഇളയ മകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് സ്കൂൾ മാനേജർ.