വടക്കഞ്ചേരിയിൽ മാലിന്യം തള്ളിയാൽ ഇനി പിടിവീഴും.

വടക്കഞ്ചേരി: മാലിന്യം തള്ളൽ തടയുന്നതിന്റെ ഭാഗമായി വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ നടപടി ശക്തമാക്കി. പട്ടണത്തിലും, പരിസരത്തും സ്ഥിരമായി മാലിന്യം വലിച്ചെറിഞ്ഞിരുന്ന സ്ഥലങ്ങൾ വൃത്തിയാക്കി മാലിന്യം തള്ളരുതെന്ന മുന്നറിയിപ്പ് ബോർഡുകൾ വെച്ചു. രണ്ട് ക്യാമറകളും സ്ഥാപിച്ചു. ഇവ ഇടയ്ക്കിടെ മാറ്റിസ്ഥാപിച്ച് നിരീക്ഷണം നടത്തുമെന്ന് ഗ്രാമപ്പഞ്ചായത്തധികൃതർ പറഞ്ഞു. ഗ്രാമപ്പഞ്ചായത്തിൽ രൂപവത്കരിച്ചിട്ടുള്ള പ്രത്യേക സ്ക്വാഡും പരിശോധനകൾ ആരംഭിച്ചു.

കഴിഞ്ഞ ഒരുമാസത്തിനിടെ മാലിന്യം വലിച്ചെറിഞ്ഞതിനുംz നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചതിനും 24,500 രൂപ പിഴയീടാക്കി. വടക്കഞ്ചേരി റോയൽ ജങ്ഷൻ, മംഗലം സർവീസ് റോഡ്, കമ്മാന്തറ റോഡ്, കിഴക്കഞ്ചേരി റോഡ്, നായർത്തറ റോഡ് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്. മാലിന്യം വലിച്ചെറിയുന്നവരുടെ ചിത്രമോ വീഡിയോയോ എടുത്ത് പഞ്ചായത്തധികൃതർക്ക് കൈമാറുന്നവർക്ക് 2,500 രൂപവരെ പാരിതോഷികം നൽകുമെന്ന വിവരവും ബോർഡിലെഴുതിയിട്ടുണ്ട്.

മാലിന്യസംസ്കരണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.യും, കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് പി.പി. സുമോദ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് നടപടി ശക്തമാക്കാൻ തീരുമാനിക്കുകയായിരുന്നു.

നിരീക്ഷണം ശക്തമാക്കുന്നതിന് 10 ക്യാമറകൾകൂടി പട്ടണത്തിലും പരിസരത്തുമായി സ്ഥാപിക്കുമെന്ന് വടക്കഞ്ചേരി ഗ്രാമപഞ്ചായത്തധികൃതർ പറഞ്ഞു. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഡിസംബർ ആദ്യ ആഴ്ചയോടെ ക്യാമറകൾ സ്ഥാപിക്കും.