കഴനി ചുങ്കം – തരൂർ പള്ളി പാതയുടെ പദ്ധതി കിഫ്ബി റദ്ദാക്കി.

ആലത്തൂർ: കഴനി ചുങ്കം-തരൂർ പള്ളി പാത സംസ്ഥാനപാതയുടെ നിലവാരത്തിൽ വീതികൂട്ടി പുനർനിർമിക്കാനുള്ള 39.59 കോടി രൂപയുടെ പദ്ധതി കിഫ്ബി റദ്ദാക്കി. നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുത്ത് പുതിയ കലുങ്കുകളും, അഴുക്കുചാലും നിർമിച്ചും, വളവുകൾ നിവർത്തിയും, ചിലയിടങ്ങളിൽ പാത ഉയർത്തിയും മികച്ച നിലവാരത്തിലുള്ള പുനർനിർമാണമാണ് ലക്ഷ്യമിട്ടിരുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ ചില ഭൂവുടമകൾ രംഗത്ത് വന്നിരുന്നു.

ആലത്തൂർ ഭാഗത്തുനിന്ന് തിരുവില്വാമല, ലക്കിടി, ഒറ്റപ്പാലം ഭാഗത്തേക്കുള്ള പ്രധാന പാതയാണിത്. സർക്കാരിന്റെ സാമ്പത്തികഞെരുക്കവും പദ്ധതി ഉപേക്ഷിക്കാൻ കാരണമായി പറയുന്നു. നിലവിലുള്ളപാത വീണ്ടും ടാറിട്ട് ഗതാഗതയോഗ്യമാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കി അംഗീകാരത്തിന് അയയ്ക്കുമെന്ന് പൊതുമരാമത്ത് ആലത്തൂർ നിരത്തുവിഭാഗം വ്യക്തമാക്കി.

ആലത്തൂർ, കാവശ്ശേരി, തരൂർ ഗ്രാമപ്പഞ്ചായത്ത് നിവാസികളുടെ പ്രധാന ഗതാഗത മാർഗമാണ് കഴനി ചുങ്കം-തരൂർ പള്ളി പാത. തരൂർ, തിരുവില്വാമല, ഒറ്റപ്പാലം, ഷൊർണ്ണൂർ, പട്ടാമ്പി, കോഴിക്കോട്, മലപ്പുറം ഭാഗത്തേക്കുള്ള തിരക്കേറിയ പാതയാണിത്. അത്തിപ്പൊറ്റയിൽ പുതിയ പാലം വന്നപ്പോഴെങ്കിലും പാത നന്നാകുമെന്ന പ്രതീക്ഷ നടപ്പായില്ല.

ആലത്തൂർ-വാഴക്കോട് സംസ്ഥാനപാതയുടെ നിർമാണത്തിനൊപ്പം കഴനി ചുങ്കം മുതൽ വാവുള്യാപുരം വരെ നന്നാക്കിയിരുന്നു. തോട്ടുമ്പള്ള വരെയുള്ള 8.71 കിലോമീറ്റർ പാതയുടെ അവസ്ഥ ദയനീയമാണ്. വാവുള്യാപുരം, അത്തിപ്പൊറ്റ പാലം, വായനശാല, കോഴിക്കാട്, പഴമ്പാലക്കോട് സ്കൂൾ, പഴയ സിനിമാ തിയേറ്റർ, ഗവ. ആശുപത്രി, തോട്ടുമ്പള്ള ഭാഗങ്ങളിൽ തകർച്ച പൂർണമാണ്.