വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാത പലഭാഗത്തും തകര്‍ന്ന് ഗതാഗതകുരുക്കും അപകടങ്ങളും തുടരുന്ന സാഹചര്യത്തില്‍ പന്നിയങ്കരയിലെ ടോള്‍ പിരിവ് നിര്‍ത്തിവക്കാൻ നാഷണല്‍ ഹൈവെ അഥോറിറ്റിയും കരാര്‍ കമ്പനിയും തയാറാകണമെന്ന ആവശ്യവുമായി യാത്രക്കാര്‍ രംഗത്തുവരുന്നു. റോഡ് ഇടിയുന്നതു മൂലം കുതിരാൻ വഴുക്കുംപാറയില്‍ ബുധനാഴ്ച വൈകീട്ട് രണ്ട് മണിക്കൂറാണ് വാഹനങ്ങള്‍ കുടുങ്ങിക്കിടന്നത്.
ഇതിനിടെ പാലക്കാട് ലൈനില്‍ ചരക്ക് ലോറി തകരാറിലായി കിടക്കുന്ന സ്ഥിതി കൂടി ഉണ്ടായതോടെ ഇരു ഭാഗത്തേയ്ക്കുമുള്ള വാഹന ഗതാഗതം തടസപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ ഇവിടെ തൃശൂര്‍ ലൈനില്‍ റോഡിന്റെ ഇടത് ഭാഗം നൂറ് മീറ്ററോളം ദൂരം തകര്‍ന്ന് വീണിരുന്നു. ഇതിനാല്‍ തൃശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങളും പാലക്കാട് ലൈനിലൂടെ ഒറ്റവരിയായാണ് പോകുന്നത്.
ഇതിനിടക്ക് വാഹനം കേടുവന്ന് കിടന്നാല്‍ കുരുക്ക് മുറുകും. ഇവിടെ പാലക്കാട് ലൈനിലും റോഡ് അപകടാവസ്ഥയിലാണ്. ഇടിഞ്ഞ റോഡ് യുദ്ധകാലാടിസ്ഥാനത്തില്‍ റിപ്പയര്‍ ചെയ്ത് വാഹനങ്ങള്‍ കടത്തിവിടാൻ നാല് മാസത്തോളമായിട്ടും കരാര്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കൂടിയ നിരക്കില്‍ ടോള്‍ കൊടുത്ത് പോകുന്ന വാഹന യാത്രികര്‍ ചൂണ്ടിക്കാട്ടുന്നത്.
വടക്കഞ്ചേരി, കുതിരാൻ എന്നിവിടങ്ങളിലെ മേല്‍പ്പാലങ്ങള്‍ എത് സമയവും റിപ്പയര്‍ പണികള്‍ക്കായി ഒന്നോ രണ്ടോ പാതകള്‍ അടച്ചിടുകയാണ്. 28 കിലോമീറ്റര്‍ ദൂരം വരുന്ന റോഡില്‍ ഇത്തരത്തില്‍ പലയിടത്തും മാര്‍ഗ തടസങ്ങളുണ്ട്. മഴ പെയ്താല്‍ വലിയ വെള്ളക്കെട്ടുള്ള ഭാഗങ്ങളും ഏറെയാണ്.
സുഗമമായ യാത്ര ഉറപ്പാക്കിയതിനു ശേഷം മാത്രമെ ടോള്‍ പിരിവ് നടത്താവു എന്ന് കരാര്‍ വ്യവസ്ഥയില്‍ ഉണ്ടെന്നിരിക്കെയാണ് ടോള്‍ പിരിവ് എന്ന പേരില്‍ തട്ടിപ്പറി നടത്തുന്നതെന്നാണ് യാത്രക്കാരുടെ ആക്ഷേപം. ആറുവരിപ്പാതയില്‍ യു ടേണുകള്‍ക്കും വിലക്കുണ്ട്. എന്നാല്‍ ഇതിന് ബദലായി വലിയ പാതകള്‍ക്ക് സമാന്തരമായി മുഴുവൻ ദൂരത്തിലും സര്‍വീസ് റോഡ് നിര്‍മിക്കണമെന്നാണ് നിയമം.
ഇതും ഇവിടെ നടപ്പായിട്ടില്ല. സര്‍വീസ് റോഡുകളും ഡ്രെയ്നേജുകളും തമ്മില്‍ കൂട്ടിമുട്ടിച്ചിട്ടില്ല. പാതകള്‍ ഗതാഗതയോഗ്യമാക്കാൻ അടിയന്തിര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഫാസ് ടാഗുകള്‍ മറച്ചുവച്ച് വാഹനങ്ങള്‍ കൂട്ടമായി ടോള്‍ ബൂത്തുകള്‍ കടന്നുപോകുന്ന സമര പരിപാടികള്‍ ആരംഭിക്കുമെന്നാണ് യാത്രക്കാരുടെ മുന്നറിയിപ്പ്.

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.