മംഗലംഡാമിലെ വിനോദ സഞ്ചാരമേഖല : എട്ടുകോടിയുടെ വികസന പദ്ധതി വരുന്നു

മംഗലംഡാം : വിനോദസഞ്ചാരവികസനത്തിനായി മംഗലംഡാമിൽ എട്ടുകോടി രൂപയുടെ പദ്ധതി തയ്യാറാക്കുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് (ഡി.ടി.പി.സി.) രൂപരേഖ തയ്യാറാക്കുന്നത്. മുമ്പ് രണ്ടുഘട്ടങ്ങളിലായി 7.67 കോടി രൂപ മംഗലംഡാമിൽ വിനോദസഞ്ചാരവികസനത്തിനായി ചെലവഴിച്ചിട്ടുണ്ട്. ഇത്രയധികം തുക ചെലവഴിച്ചിട്ടും പ്രതീക്ഷിച്ചപോലെ സഞ്ചാരികളെത്താത്തതിനെത്തുടർന്ന് പുതിയ പദ്ധതിയിൽ ആകർഷകമായ വിനോദോപാധികൾ ഉൾപ്പെടുത്തണമെന്ന ആവശ്യമുയരുന്നു.4.76 കോടിരൂപ ചെലവിട്ടുനടത്തിയ രണ്ടാംഘട്ട വികസനത്തിൽ പ്രാധാന്യം കൊടുത്തത് സാഹസിക ടൂറിസത്തിനായിരുന്നു. അണക്കെട്ടിനോടുചേർന്നുള്ള കുന്നിലെ മരങ്ങൾ തമ്മിൽ ബന്ധിപ്പിച്ചൊരുക്കിയ വഴിയിലൂടെയുള്ള സാഹസിക നടത്തമായിരുന്നു പ്രധാന ഇനം. എന്നാൽ ഒരുമാസം 50-ൽത്താഴെ ആളുകൾ മാത്രമാണ് ഇവിടെയെത്തുന്നത്. കുട്ടികളുടെ പാർക്കും അണക്കെട്ടിന്റെ കാഴ്ചയും മാത്രമാണ് മംഗലംഡാമിലുള്ള ആകർഷണം.

പൂന്തോട്ടം വന്നേക്കും

മംഗലംഡാം ഉദ്യാനത്തിൽ ഒരു പൂന്തോട്ടം വേണമെന്ന ആവശ്യം പുതിയ പദ്ധതിയിൽ ഉൾപ്പെട്ടേക്കുമെന്നാണ് വിവരം. ഇതൊടൊപ്പം സംഭരണിയിൽ ബോട്ടിങ്, സാഹസിക ഇനങ്ങൾ തുടങ്ങിയവയും പരിഗണനയിലുണ്ട്.