സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്തശേഷം പൊതുവിപണിയില്‍ നെല്ല് വിറ്റ കര്‍ഷകരുടെ പെര്‍മിറ്റ് സപ്ലൈകോ റദ്ദാക്കണമെന്നാവശ്യം ശക്തമാകുന്നു.

നെന്മാറ: സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്തശേഷം പൊതുവിപണിയില്‍ നെല്ല് വിറ്റ കര്‍ഷകരുടെ പെര്‍മിറ്റ് സപ്ലൈകോ റദ്ദാക്കണമെന്നാവശ്യം ശക്തമാകുന്നു. സപ്ലൈകോ ഇതുവരെ ജില്ലയില്‍ നിന്ന് നെന്മാറ, അയിലൂർ മേഖലയിൽ നിന്നടക്കം സംഭരിച്ചത് 10 മെട്രിക് ടണ്‍ നെല്ല് മാത്രമാണ്. 1.13 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് ജില്ലയില്‍ സംഭരിക്കാൻ ലക്ഷ്യമിടുന്നത്. 49,305 പേരാണ് സംഭരണത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, 3500ഓളം കൃഷിക്കാരില്‍നിന്ന് മാത്രമാണ് ഇതുവരെ നെല്ല് ശേഖരിച്ചിട്ടുള്ളത്.

നെന്മാറ, അയിലൂർ പഞ്ചായത്തുകളിൽ നിന്ന് ഇനിയും നെല്ല് സംഭരണം ബാക്കിയായതോടുകൂടി ഈ മേഖലയിലെ നെൽ കർഷകർ ദുരിതത്തിലാണ്. എത്രയും പെട്ടെന്ന് ബാക്കിയുള്ള നെല്ലുകൂടി സപ്ലൈകോ സ്വീകരിച്ചാലെ കർഷകർക്ക് ആശ്വാസമാവുകയുള്ളൂ.

പാലക്കാട്‌ ജില്ലയില്‍ പലയിടത്തും മഴ തുടരുന്ന സാഹചര്യത്തില്‍ കൊയ്തെടുത്ത നെല്ല് ചാക്കിലാക്കി സൂക്ഷിക്കാൻ കര്‍ഷകര്‍ വളരെ പ്രയാസപ്പെടുകയാണ്. സംഭരണം നീണ്ടുപോകുന്തോറും ചിലര്‍ നഷ്ടം സഹിച്ചും സ്വകാര്യ മില്ലുകളുകള്‍ക്ക് നേരിട്ട് നെല്ല് നല്‍കുന്നുണ്ട്. ഇവരുടെ കൈയില്‍ നിലവിലുള്ള പെര്‍മിറ്റിന്‍റെ മറവില്‍ ഇതരസംസ്ഥാനത്ത് നിന്നടക്കം എത്തിക്കുന്ന നെല്ല് സപ്ലൈകോക്ക് നല്‍കി ഇടനിലക്കാര്‍ തട്ടിപ്പ് നടത്തുന്നെന്നാണ് പരാതി ഉയരുന്നത്.

തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന കര്‍ഷകര്‍ക്ക് കിലോക്ക് ആറ് രൂപ വരെ കമീഷനായി നല്‍കുണ്ടെന്നാണ് വിവരം. നെല്ല് വിറ്റ കര്‍ഷകര്‍ സ്വമേധയാ പെര്‍മിറ്റ് തിരിച്ചുനല്‍കാൻ തയാറായില്ലെങ്കില്‍ പാടശേഖര സമിതി ഭാരവാഹികള്‍ പട്ടിക തയാറാക്കി സപ്ലൈകോക്ക് കൈമാറണമെന്നാണ് ആവശ‍്യം. എന്നാല്‍, ബന്ധപ്പെട്ട കൃഷി ഉദ്യോഗസ്ഥര്‍ക്കാണ് ഇതിന്‍റെ ചുമതലയെന്ന് സപ്ലൈകോ പറയുന്നു. ഇത് പ്രായോഗികമല്ലെന്നാണ് കൃഷിവകുപ്പിന്‍റെ നിലപാട്.