മംഗലംപാലത്ത് രണ്ടര മാസക്കാലം ഇനി ചിപ്സ് വിപണിയുടെ തിരക്ക്‌.

വടക്കഞ്ചേരി: വൃശ്ചികമാസമായി, ഇനി വ്രതശുദ്ധിയുടെ നാളുകളില്‍ മിനി പമ്പ എന്നറിയപ്പെടുന്ന മംഗലംപാലത്ത് തീര്‍ത്ഥാടകരുടെ പ്രവാഹമാകും. മകര മാസത്തിലെ ദിവ്യ ജ്യോതിവരെ രണ്ടര മാസക്കാലം തീര്‍ഥാടകരെക്കൊണ്ട് നിറയും മംഗലംപാലവും, പരിസരവും.

മംഗലംപുഴയും തീര്‍ഥാടകരുടെ ഇഷ്ടപ്പെട്ട നേന്ത്രക്കായ ചിപ്സിന്‍റെ വിപണിയുമാണ് മംഗലംപാലം തീര്‍ഥാടകരുടെ ഇടത്താവളമായി മാറ്റുന്നത്. കടകളുടെ മിനുക്കുപണികളും പെയിന്‍റിംഗ്, ദീപാലങ്കാരങ്ങളുമായി തീര്‍ഥാടകരെ ആകര്‍ഷിക്കാനുളള തിരക്കിട്ട ജോലികള്‍ ഇപ്പോഴും നടക്കുന്നുണ്ട്.

മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയോരത്തും, തൃശൂര്‍-പാലക്കാട്-വാളയാർ ദേശീയപാതയോരത്തുമാ യി അമ്പതിലേറെ ചിപ്സ് കടകള്‍ മാത്രമുണ്ട്. ഹോട്ടലുകളും മറ്റു കടകളും വേറെ. സീസണ്‍ കടകളും ഇവിടെ നിറഞ്ഞിട്ടുണ്ട്.

റോഡിന്‍റെ വശങ്ങളില്‍ കയര്‍കെട്ടി തിരിച്ചും കമ്പുകള്‍ നാട്ടിയും ബുക്കിംഗ് തകൃതിയാണ്. ഈ വര്‍ഷം വലിയ പ്രതീക്ഷയാണുള്ളതെന്ന് മംഗലംപാലത്തെ കച്ചവടക്കാർ പറഞ്ഞു. നല്ല സീസണ്‍ വര്‍ഷങ്ങളില്‍ ഒരു കടയില്‍ തന്നെ ദിവസം ലക്ഷങ്ങളുടെ കച്ചവടം നടക്കും. ചിപ്സിന്‍റെ വില്‍പന തന്നെയാണ് ഇതില്‍ കൂടുതല്‍. ഹലുവയും തീര്‍ഥാടകരുടെ ഇഷ്ട ഇനമാണ്.

പാര്‍ക്കിംഗിനും പ്രാഥമികാവശ്യങ്ങള്‍ക്കുമുള്ള സൗകര്യങ്ങളും ഉണ്ടെങ്കില്‍ അത്തരം കടകളില്‍ കച്ചവടം ഇരട്ടിയാകും. തീര്‍ഥാടകരുടെ ഒരു ബസ് കടയ്ക്കു മുന്നില്‍ നിന്നാല്‍ ചുരുങ്ങിയത് ഇരുന്നൂറ് കിലോയെങ്കിലും ചിപ്സ് ചെലവാകും.

ഗുണമേന്മയാണ് ചിപ്സിന്‍റെ വിലയുടെ ഏറ്റക്കുറച്ചിലിനുള്ള മാനദണ്ഡം. ചിപ്സ് ഉണ്ടാക്കുന്നതിനായി നാടൻ നേന്ത്രക്കായക്കൊപ്പം വയനാട്ടില്‍ നിന്നും ലോഡ് കണക്കിന് നേന്ത്രക്കായയുടെ വരവുണ്ട്.

തമിഴ്നാട് കായയും എത്തും. 24 മണിക്കൂറും ഇനി ഇവിടുത്തെ കടകള്‍ പ്രവര്‍ത്തിക്കും. പകല്‍ പോലെ ദീപാലങ്കാരങ്ങള്‍ കൊണ്ട് പ്രകാശമാനമാകും രാത്രികളും. ഷിഫ്റ്റ് ക്രമത്തിലാണ് കടകളിലെ ജീവനക്കാരുടെ ജോലി.

പന്നിയങ്കര ടോള്‍ പ്ലാസക്കു സമീപം ഉള്‍പ്പെടെ പുതിയ ചിപ്സ് കടകള്‍ നിരവധി വന്നെങ്കിലും അയല്‍ സംസ്ഥാന തീര്‍ഥാടകര്‍ മംഗലംപാലത്ത് എത്തിയാണ് നാട്ടിലേക്കുള്ള ചിപ്സ് വാങ്ങി മടങ്ങുക. ചിപ്സിനുള്ള വില കുറവും വര്‍ഷങ്ങളായുള്ള തീര്‍ഥാടകരുടെ ബന്ധങ്ങളുമാണ് വിപണി സജീവമാക്കുന്നത്.

മംഗലംപാലത്തെ ചിപ്സ് പെരുമയ്ക്ക് ആറ് പതിറ്റാണ്ടിനപ്പുറം പെരുമയുണ്ട്. വടക്കഞ്ചേരി ടൗണിലാണ് ചിപ്സിന്‍റെ ആദ്യ കട തുടങ്ങിയതെന്നാണ് പറയുന്നത്. അന്നത്തെ കാലത്ത് പഞ്ചായത്ത് റോഡ് പോലെ നന്നേ വീതി കുറഞ്ഞ ഒറ്റവരി പാതയായിരുന്നു തൃശൂര്‍-പാലക്കാട് പാത.

മംഗലം പാലത്തായിരുന്നു ചെക്ക് പോസ്റ്റ്. ഈയടുത്തകാലം വരെ അതിന്‍റെ ചെറിയൊരു കെട്ടിടവും മംഗലം പാലത്തുണ്ടായിരുന്നു. പിന്നീട് ഹൈവെ വന്നു. റോഡ് വീതി കൂടി. ചെക്ക് പോസ്റ്റ് വാളയാറിലേക്ക് മാറ്റി. പക്ഷെ, മംഗലം പാലത്തെ ചിപ്സ് പെരുമക്ക് ഇന്നും സല്‍പേരുണ്ട്.