MVD തടഞ്ഞ റോബിൻ ബസിന് നാടെങ്ങും സ്വീകരണം; വടക്കഞ്ചേരിയിൽ ഉജ്ജ്വല സ്വീകരണം നൽകി നാട്ടുകാർ.

വടക്കഞ്ചേരി: MVD തടഞ്ഞ റോബിൻ ബസിന് നാടെങ്ങും സ്വീകരണം ലഭിച്ചു. വടക്കഞ്ചേരിയിൽ ഉജ്വല സ്വീകരണം നൽകി നാട്ടുകാർ. ബസ്സ് വടക്കഞ്ചേരി-പന്നിയങ്കര ടോൾ പ്ലാസയിൽ എത്തിയപ്പോൾ വലിയ ജനാവലി ആയിരുന്നു ബസ്സിനെ സ്വീകരിക്കാനായി എത്തിയിരുന്നത്.

വടക്കഞ്ചേരി ടൗണിലും, മംഗലംപാലത്തും ബസ്സിനെ സ്വീകരിക്കാനായി നിരവധിപേർ എത്തിയിരുന്നു. ഇപ്പോൾ 2.15ന് ബസ് മംഗലംപാലം എത്തിയിട്ടേ ഉള്ളു. കോയമ്പത്തൂർ എത്തുന്നതിനിടയിൽ ഈ ബസിന് പാലക്കാടിലെ പല സ്ഥലങ്ങളിലും ഇനിയും സ്വീകരണങ്ങൾ ഉണ്ടാവും.

ബസ്സിന്റെ യാത്രയിൽ ഉടനീളം യാത്രക്കാരിൽ ചിലർ ഫേസ്ബുക്കിൽ ലൈവ് ഇട്ടിരുന്നതിനാലും, ബസ് എവിടെ എത്തിയെന്ന് അറിയാൻ കഴിഞ്ഞതിനാൽ റോഡിലുടനീളം ഇരുവശങ്ങളിലും ഒരുപാട് പേർ ബസ്സിനെയും, റോബിൻ ബസിന്റെ ഉടമയായ ഗിരീഷിനെയും കാണാനായി കാത്തുനിൽക്കുകയായിരുന്നു.

പത്തനംതിട്ടയില്‍ നിന്ന് ഇന്ന് രാവിലെ യാത്ര ആരംഭിച്ച ബസിനെ വഴിയുടനീളം എംവിഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി തടഞ്ഞു. പത്തനംതിട്ടയില്‍ നിന്നും 7500 രൂപ പിഴയടയ്ക്കാൻ നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥര്‍ ബസ് വിട്ടുനല്‍കുകയായിരുന്നു.

ബസ് അങ്കമാലി, പുതുക്കാട് എത്തിയപ്പോഴും എംവിഡി ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. എന്നാല്‍ ഈ സമയത്ത് യാത്രക്കാര്‍ ക്ഷുഭിതരായാണ് എംവിഡി ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്. ‘ഈ ഡ്രൈവറുടെ ലൈസൻസ് നാല് തവണ പരിശോധിച്ചു. എന്തിനാ വീണ്ടും വീണ്ടും പരിശോധിച്ച്‌ ഉപദ്രവിക്കുന്നത്. വണ്ടി പറഞ്ഞുവിട്, ഞങ്ങള്‍ക്ക് സമയത്ത് കോയമ്പത്തൂര്‍ എത്തേണ്ടതാണ്’ ഒരു യാത്രക്കാരൻ പ്രതികരിച്ചു.

ഈ സമയത്ത് മറ്റുള്ള യാത്രക്കാര്‍ എംവിഡി ഉദ്യോഗസ്ഥരെ കൂകി വിളിക്കുകയാണ് ചെയ്തത്. നിയമപരമായി എന്തെങ്കിലും പിഴവ് ബസില്‍ ഉണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് എംവിഡി ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. ഒന്നും പറയാനില്ല. സ്ഥിരം നടത്തുന്ന പരിശോധനയുടെ ഭാഗമാണിതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ തടയുന്നത് എന്തിനാണന്നെ ചോദ്യത്തിന് വ്യക്തമായ മറുപടി പോലും ഉദ്യോഗസ്ഥര്‍ക്ക് നല്‍കാൻ സാധിക്കുന്നില്ല.

കേന്ദ്ര മോട്ടോര്‍വാഹന നിയമത്തില്‍ നാഷണല്‍ പെര്‍മിറ്റ് വ്യവസ്ഥകള്‍ ലഘൂകരിച്ചതിലൂടെയാണ് റോബിൻ ബസ് അടക്കം പെര്‍മിറ്റ് നേടി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തിയത്. എന്നാല്‍ ബസ് ഓരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുകയായിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് കോടതി ഉത്തരവിലൂടെയാണ് ഉടമ ഗിരീഷ് തിരിച്ചെടുത്തത്.

പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടിലാണ് റോബിൻ ബസ് സര്‍വീസ് നടത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് റാന്നിയില്‍ വച്ച്‌ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ശേഷം ഇന്നാണ് സര്‍വീസ് ആരംഭിക്കുന്നത്.

പുലര്‍ച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയില്‍ നിന്നും ആരംഭിച്ച്‌ ഉച്ചയ്ക്ക് 12 മണിക്ക് കോയമ്ബത്തൂര്‍ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്. വൈകിട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരില്‍ നിന്നും തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയില്‍ ബസ് തിരിച്ചെത്തും. പത്തനംതിട്ട-കോയമ്പത്തൂര്‍ ട്രിപ്പില്‍ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്ബാവൂര്‍, അങ്കമാലി, തൃശൂര്‍, പാലക്കാട് എന്നിങ്ങനെ സ്റ്റോപ്പുകളുണ്ട്. തിരിച്ചുള്ള സര്‍വ്വീസില്‍ പാലക്കാട് മാത്രമാണ് സ്റ്റോപ്പുള്ളത്.