കുതിരാൻ ഇടതു തുരങ്കത്തിനുള്ളിലെ കോൺക്രീറ്റിങ് ചെയ്യാനുള്ള ഗ്യാൻട്രിയുടെ നിർമാണം തുടങ്ങി.

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ കുതിരാൻ ഇടതു തുരങ്കത്തിനുള്ളിൽ കോൺക്രീറ്റിങ് നടത്തുന്നതിനുള്ള ഉപകരണമായ ഗ്യാൻട്രിയുടെ നിർമാണം തുടങ്ങി. റെയിൽവേപാളത്തിനു സമാനമായി താത്കാലിക ട്രാക്ക് നിർമിച്ച് ഗ്യാൻട്രി തുരങ്കത്തിനുള്ളിൽ എത്തിച്ചാണ് മേൽഭാഗം കോൺക്രീറ്റ് ചെയ്യുക.

ഇടതുതുരങ്കം ഗതാഗതത്തിനായി തുറക്കുമ്പോൾ 500 മീറ്റർ ദൈർഘ്യത്തിൽ കോൺക്രീറ്റ് ചെയ്തിരുന്നില്ല. മഴക്കാലത്ത് മലമുകളിൽ നിന്ന് പാറകൾക്കിടയിലൂടെയുള്ള നീരൊഴുക്ക് ശക്തമായതോടെ ഇത് തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് മുഴുവൻ പ്രദേശവും കോൺക്രീറ്റ് ചെയ്യാൻ തീരുമാനിച്ചത്.

തുരങ്കത്തിനുള്ളിൽ കോൺക്രീറ്റ് ചെയ്യണമെന്ന് കഴിഞ്ഞവർഷം ദേശീയപാതാ അതോറിറ്റി കരാർ കമ്പനിക്ക് നിർദേശം നൽകിയിരുന്നെങ്കിലും ജോലികൾ തുടങ്ങിയില്ല. വീഴ്ച ചൂണ്ടിക്കാട്ടി സെപ്റ്റംബറിൽ ദേശീയപാതാ അതോറിറ്റി കരാർ കമ്പനിക്ക് നോട്ടീസ് നൽകിയതിനു പിന്നാലെയാണ് ഗ്യാൻട്രിയുടെ നിർമാണം ആരംഭിച്ചത്.

മാർച്ചിനുള്ളിൽ കോൺക്രീറ്റിങ് പൂർത്തിയാക്കണമെന്നാണ് ദേശീയപാതാ അതോറിറ്റി നൽകിയിട്ടുള്ള നിർദേശം. വലതു തുരങ്കത്തിനുള്ളിൽ മുഴുവൻ ദൈർഘ്യത്തിലും കോൺക്രീറ്റിങ് ചെയ്തിട്ടുണ്ട്. ഗ്യാൻട്രിയുടെ നിർമാണം തുടങ്ങിയെങ്കിലും തുരങ്കത്തിനുള്ളിലെ കോൺക്രീറ്റിങ് നീണ്ടുപോയേക്കും.