പുറമ്പോക്ക് ഭൂമിയില്‍ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ കലക്ടര്‍ക്ക് പരാതി നല്‍കി.

വടക്കഞ്ചേരി: സർക്കാർ പുറമ്പോക്ക് ഭൂമിയിൽ ക്വാറി തുടങ്ങാനുള്ള നീക്കത്തെ തുടർന്ന് നാട്ടുകാർ കലക്ടർക്ക് പരാതി നൽകി. കണ്ണമ്പ ഒന്ന് വില്ലേജിലെ ബ്ലോക്ക് 35 ലെ വാളുവെച്ചപാറ ചേവക്കോട് 4 ഏക്കറോളം വരുന്ന ഭൂമിയിലാണ് അധികൃതരുടെ ഒത്താശയോടെ ക്വാറി തുടങ്ങാൻ നീക്കം നടക്കുന്നത്. മുൻപ് ഇവിടെ തുടങ്ങിയ ക്വാറി നാട്ടുകാർ കോടതിയിൽ എത്തി പരാതി നൽകി നിർത്തിച്ചിരുന്നു.

എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും ക്വാറി തുടങ്ങാൻ പുറമ്പോക്ക് സ്ഥലത്തിന്റെ സമീപത്തുള്ള സ്ഥലമെല്ലാം ഭൂമാഫിയ വാങ്ങിയിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. സർക്കാർ സ്ഥലം ലീസിന് വാങ്ങി ക്വാറി നടത്താനാണ് പദ്ധതി. ഇതിന് ചില ഉദ്യോഗസ്ഥരുടെ പിന്തുണയും ഉണ്ടെന്നു പറയുന്നു. കരിങ്കൽ ക്വാറികൾ വീടുകളിൽ നിന്നു 50 മീറ്റർ അകലം പാലിക്കണമെന്നാണ് ചട്ടം. എന്നാൽ 150 മീറ്റർ അകലം പാലിക്കണമെന്ന് ദേശീയ ഹരിത ട്രബ്യൂണൽ നിയമിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഈ റിപ്പോർട്ട് അംഗീകാരത്തിനായി സമർപ്പിച്ചെങ്കിലും നടപടി നീളുകയാണ്. ഇതിനിടയിലാണ് ക്വാറി മാഫിയ മലയോര മേഖലയിൽ വ്യാപകമായി മലയിടിച്ചിൽ നടത്തുന്നത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ക്വാറി തുടങ്ങാനുള്ള ശ്രമം ഊർജിതമായതോടെയാണ് നാട്ടുകാർ കലക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. മുൻപ് കല്ല് പൊട്ടിച്ചപ്പോൾ വീടുകളിലേക്ക് തെറിച്ച് അപകടവും ഉണ്ടായിട്ടുണ്ട്. ക്വാറി തുടങ്ങിയാൽ സമരം ശക്തമാക്കുമെന്ന് നാട്ടുകാർ പറഞ്ഞു.