ശബരിമല തീര്‍ഥാടകര്‍ക്ക് വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയില്‍ ദുര്‍ഘടയാത്ര.

വടക്കഞ്ചേരി: ഉയര്‍ന്ന നിരക്കില്‍ ടോള്‍ കൊടുത്തു യാത്ര ചെയ്യേണ്ട വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാതയില്‍ ഇക്കുറിയും ശബരിമല തീര്‍ഥാടകര്‍ക്ക് ദുരിതയാത്ര. പേരില്‍ ആറുവരിപ്പാതയാണെങ്കിലും 28 കിലോമീറ്റര്‍ വരുന്ന റോഡ് പലയിടത്തും ഒറ്റവരിയും, രണ്ടുവരിയുമാണ്.

ഏതുസമയവും അറ്റകുറ്റപ്പണികള്‍ നടത്തുന്ന വടക്കഞ്ചേരിയിലെയും, കുതിരാനിലെയും മേല്‍പ്പാലങ്ങളില്‍ ഒരുവശത്തേക്കുള്ള മൂന്നു വരിയില്‍ ഒരു വരിയിലൂടെ മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

കുതിരാൻ വഴുക്കുംപാറയില്‍ ഒരു പതിറ്റാണ്ടു നീണ്ട കുരുക്കിനെ ഓര്‍മപ്പെടുത്തുന്ന തരത്തിലാണ് ഇവിടെ ഇപ്പോഴും വാഹനക്കുരുക്ക് തുടരുന്നത്. ഇവിടെ തൃശൂര്‍ ലൈനില്‍ പാത ഇടിഞ്ഞത് 6 മാസം മുമ്പായിരുന്നു.

എന്നാല്‍ ഇത്രയും മാസങ്ങള്‍ പിന്നിട്ടിട്ടും റോഡ് പുനര്‍നിര്‍മാണം നടത്തി വാഹനങ്ങള്‍ കടത്തിവിടാൻ കരാര്‍ കമ്പനിക്കു കഴിഞ്ഞിട്ടില്ല.

തൃശൂരിലേക്കുള്ള വാഹനങ്ങളെല്ലാം പാലക്കാട് ലൈനിലൂടെയാണ് ഇപ്പോഴും കടത്തിവിടുന്നത്. ഈ ഭാഗത്തു പാലക്കാട് ലൈനും അപകടത്തിലാണ്. കൊമ്പഴ മമ്മദ്പടിയില്‍ 150 മീറ്ററോളം ദൂരം മൂന്നുവരി പാതയ്ക്കു പകരം രണ്ടുവരി പാതയേ ഇപ്പോഴും ഉള്ളു. മൂന്നുവരി പാതയ്ക്കുള്ള സ്ഥലം ഏറ്റെടുത്തിരുന്നെങ്കിലും ഒരു വരി പാതയുടെ നിര്‍മാണം ഇപ്പോഴും നടത്തിയിട്ടില്ല.

ഇതിനാല്‍ തുരങ്കപ്പാത കടന്ന് മൂന്നുവരിയിലൂടെ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ രണ്ടുവരി പാത കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടും. ഇത് അപകടത്തില്‍പ്പെടുന്നതിനു കാരണമാവുകയാണ്.
ജില്ലാ അതിര്‍ത്തിയായ വാണിയംപാറ ജംഗ്ഷനിലാണ് മറ്റൊരു അപകടക്കെണി. ഇവിടെയുള്ള യു-ടേണാണ് അപകടങ്ങള്‍ ഉണ്ടാക്കുന്നത്. മുന്നറിയിപ്പു ലൈറ്റുകള്‍പോലും ഇവിടെയില്ല.

അണ്ടര്‍പാസും, സര്‍വീസ് റോഡുകളും ആവശ്യമായ ഇവിടെ ഞാണിന്മേല്‍കളി പോലെയാണ് വാഹനങ്ങള്‍ ദേശീയപാത മുറിച്ചുകടക്കുന്നത്.