January 15, 2026

കൽച്ചാടിയിൽ കാട്ടാന കൃഷി നശിപ്പിച്ചു.

അയിലൂർ: നെല്ലിയാമ്പതി വനമേഖലയ്ക്ക് താഴെ കൽച്ചാടിയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കർഷകരായ എം. അബ്ബാസ്, എൽദോസ് പണ്ടിക്കുടിയിൽ എന്നിവരുടെ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചത്.

കവുങ്ങ്, പ്ലാവ്, തെങ്ങ് എന്നിവ ചവിട്ടിനശിപ്പിക്കുകയും വെളളമൊഴുകുന്ന തോടിന്റെ വശങ്ങൾ ഇടിച്ചുനശിപ്പിക്കുകയും ചെയ്തു. കൽച്ചാടി പുഴയുടെ ഭാഗത്ത് വൈദ്യുതവേലി പൊങ്ങിനിൽക്കുന്ന ഭാഗത്തുകൂടെയാണ് കാട്ടാനകൾ കാടിറങ്ങി ജനവാസമേഖലയിലും തോട്ടങ്ങളിലും എത്തുന്നത്. 2 മാസത്തിനിടെ നാലാം തവണയാണ് കാട്ടാനക്കൂട്ടമെത്തി കൃഷി നശിപ്പിക്കുന്നത്.