മേലാർകോട്: കടപ്പാറ കോളനിയിൽ നിന്ന് മേലാർകോട് എത്തിയ 14 കുടുംബങ്ങൾക്ക് നിരാശ. സർക്കാരിൽ നിന്ന് പതിച്ചു കിട്ടിയ ഭൂമിയുടെ അതിരുകൾ പുനർനിർണയിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തിയില്ല. ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് ഭൂമി പതിച്ച് നൽകിയ മേലാർകോട് ഇടമലക്കുന്ന് എസ്.ടി. കോളനിയിലാണ് സംഭവം. മേലാർക്കോട് ഗ്രാമപഞ്ചായത്തിലെ ചേരാമംഗലം ഇടമലക്കുന്ന് വനഭൂമിയാണ്.
വണ്ടാഴി, വടകരപ്പതി, പെരുമാട്ടി, പട്ടഞ്ചേരി എന്നീ വില്ലേജുകളിലെ പട്ടികവർഗ്ഗക്കാർക്ക് 2020ഇൽ പതിച്ചു നൽകിയതാണ്. മംഗലംഡാം കടപ്പാറ കോളനിയിലെ 14 കുടുംബങ്ങൾക്കാണ് ഒരേക്കർ ഭൂമി അതിർത്തി നിർണയിച്ച് പട്ടയം നൽകിയിരുന്നത്.
കോളനിയിൽ സമഗ്ര വികസന പദ്ധതിയുടെ ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തി നടക്കാത്തതിനാൽ മേലാർക്കോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ. ഷൈജു, ജയരാമകൃഷ്ണൻ എന്നിവർ ഓമ്പുഡ്സ്മാന് പരാതി നൽകുകയും, വികസന പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് ഓമ്പുഡ്സ്മാൻ പരിശോധനയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതു കൂടാതെ ആദിവാസി കുടുംബങ്ങൾക്കുള്ള ഭൂമിയിൽ അതിർത്തി നിർണയിച്ചതിൽ പിഴവ് ആരോപിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയിരുന്നു. ഈ പരാതി പരിഗണിച്ചാണ് കടപ്പാറ കോളനി നിവാസികളോട് ഇടമലക്കുന്ന് കോളനിയിൽ എത്താനും അതിർത്തി നിർണയിച്ചു തരാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ കോളനി നിവാസികൾ കൈ കുഞ്ഞുങ്ങളുമായി അതിരാവിലെ തന്നെ കടപ്പാറയിൽ നിന്നും മേലാർകോട് ഇടമലക്കുന്നിൽ എത്തിയിരുന്നു. എന്നാൽ അത്യാവശ്യമായി മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ടെന്നും അതിർത്തി പരിശോധിക്കാൻ മറ്റൊരു ദിവസം വരാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതോടെ വണ്ടിക്കൂലി ചിലവഴിച്ച് മേലാർകോട് എത്തിയ ഇത്രയും കുടുംബങ്ങൾ നിരാശരായി. വനവിഭവങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന ഇവർ കയ്യിലുള്ള പൈസ നുള്ളി പെറുക്കിയാണ് മേലാർകോട് എത്തിയത്. ഇനി തിരിച്ചു പോവാനും അതുപോലെ മറ്റൊരു ദിവസം ഇതിനായി വരാനും വലിയ ചിലവാണ്.
ഭക്ഷണം പോലും കഴിക്കാതെ ഉദ്യോഗസ്ഥർ വരുന്നതും കാത്തിരുന്ന ഞങ്ങളെ വട്ടം കറക്കുന്ന സമീപനമായി പോയെന്ന് ഊരുമൂപ്പൻ വേലായുധൻ പറഞ്ഞു. ഇത്രയും പേർക്കായി ചിലവഴിച്ച യാത്രക്കൂലി ഉദ്യോഗസ്ഥർ തിരിച്ചു നൽകണമെന്ന് ആദിവാസി കുടുംബങ്ങൾ ആവശ്യപ്പെട്ടു.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.