7 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പുതുക്കോട് സ്വദേശിക്ക് ഇരട്ടജീവപര്യന്തവും 1.77 ലക്ഷം രൂപ പിഴയും.

വടക്കഞ്ചേരി: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തവും, 28 വർഷം കഠിനതടവും, 1.77 ലക്ഷം രൂപ പിഴയും ശിക്ഷ. പുതുക്കോട് തെക്കേപ്പൊറ്റ പടിഞ്ഞാട്ടുമുറി വീട്ടിൽ അബ്ദുൾറഹ്മാനാണ് (65) ശിക്ഷിക്കപ്പെട്ടത്.

പിഴത്തുക അതിജീവിതയ്ക്ക് നൽകാനും വിധിയായി. പിഴയടയ്ക്കാത്തപക്ഷം ഇരുപതുവർഷം അധിക കഠിനതടവ് അനുഭവിക്കണം.
പാലക്കാട് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി. സഞ്ജുവാണ് ശിക്ഷവിധിച്ചത്. 2022-ലാണ് കേസിനാസ്പദമായ സംഭവം.

വടക്കഞ്ചേരി ഇൻസ്പെക്ടർ എ. ആദംഖാൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി. 14 സാക്ഷികളെ വിസ്തരിച്ച് 23 രേഖകൾ സമർപ്പിച്ചു. വടക്കഞ്ചേരി സിവിൽ പോലീസ് ഓഫീസർ ബി. ശിവദാസൻ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.