നെന്മാറ: നെന്മാറ മണ്ഡലത്തിലെ മലയോര ഹൈവേ നിലവിലെ സംസ്ഥാന പാതയില്‍ യോജിപ്പിക്കാൻ നീക്കം. മലയോര ഹൈവേ മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിലാണ് ലയിപ്പിക്കുന്നത്. ചിറ്റൂര്‍ മണ്ഡലത്തിലെ കന്നിമാരി വഴി കാമ്പ്രത്ത് ചള്ളയില്‍ എത്തുന്ന റോഡാണ് സംസ്ഥാനപാതയിലേക്ക് ലയിപ്പിക്കുന്നത്.
മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയുടെ നവീകരണത്തിന് ഫണ്ടില്ലാത്തതുമൂലം മലയോര ഹൈവേ ഇല്ലാതാക്കി ഈ തുക വക മാറി ഉപയോഗിക്കാനാണ് നീക്കം. കാച്ചാംകുറിശി, പനങ്ങാട്ടിരി, എലവഞ്ചേരി, പോത്തുണ്ടി, കരിമ്പാറ, ഒലിപ്പാറ, മംഗലംഡാം മേഖലയിലൂടെ ബദല്‍ റോഡ് പ്രതീക്ഷിച്ചത് ഇല്ലാതായി. ഇതിനായി നിലവിലുള്ള റോഡിലൂടെ നേരത്തെ പ്രാഥമിക സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു.
ഗ്രാമീണ മേഖലയിലൂടെയുള്ള മലയോര ഹൈവേ യാഥാര്‍ഥ്യമായാല്‍ മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, അയിലൂര്‍, വണ്ടാഴി പഞ്ചായത്തുകാര്‍ക്ക് മംഗലം-ഗോവിന്ദാപുരം പാതയെ ആശ്രയിക്കാതെ കാര്‍ഷിക ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ചരക്ക് കടത്തിനും യാത്രാസൗകര്യത്തിനും ബദല്‍ മാര്‍ഗം ആകുമായിരുന്നു. കൂടാതെ ഈ റോഡ് യാഥാര്‍ഥ്യമായാല്‍ നെല്ലിയാമ്പതി, പോത്തുണ്ടി, മംഗലംഡാം ടൂറിസം വികസനത്തിന് ആക്കം കൂട്ടുകയും ചെയ്യുമായിരുന്നു.
കൊല്ലങ്കോട് മേഖലയിലെതുപോലെ ഗ്രാമീണ കാര്‍ഷിക ടൂറിസം മേഖലയായി വളരുന്നതിനും വലിയൊരു ഹൈവേ സഹായകരമാകുമായിരുന്നു. വടക്കഞ്ചേരിയില്‍ നിന്ന് മുടപ്പല്ലൂര്‍, ചിറ്റിലഞ്ചേരി, നെന്മാറ വഴിയുള്ള നെല്ലിയാമ്പതി യാത്രയും റോഡിലെ തിരക്കും ഇതുമൂലം ഒഴിവാക്കാൻ കഴിയും.
ആലത്തൂര്‍ മണ്ഡലത്തിലെ കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തുകളില്‍ മലയോര ഹൈവേ നിലവില്‍ മംഗലംഡാം, അമ്പിട്ടൻ തരിശ്, വാല്‍കുളമ്പ്, കണച്ചിപ്പരുത വഴി ദേശീയപാതയിലേയ്ക്ക് പണിയാൻ അനുമതിയുണ്ട്. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, അയിലൂര്‍ പഞ്ചായത്തുകളുടെ അനുമതിയില്ലാതെയാണ് ചിറ്റൂരില്‍ നിന്നും വരുന്ന പാത നിലവിലെ സംസ്ഥാന പാതയിലേക്ക് യോജിപ്പിച്ച് നിര്‍മിക്കാൻ ശ്രമിക്കുന്നത്.
ഈ പഞ്ചായത്തുകളിലെ നിലവിലുള്ള ഗ്രാമീണ റോഡുകള്‍ തന്നെ വികസിപ്പിച്ച് മലയോര ഹൈവേ ശരിയാക്കാവുന്ന പദ്ധതിയാണിത്. മറ്റ് ഫണ്ടുകള്‍ വക തിരിച്ചു വിടുന്നതിനോട് പ്രദേശത്തെ ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. മണ്ണാര്‍ക്കാട്, മലമ്പുഴ, ചിറ്റൂര്‍ മണ്ഡലങ്ങളിലെ മലയോര ഹൈവേ സംസ്ഥാനപാതയിലോ, ജില്ലാപാതയിലോ യോജിപ്പിക്കാതെ പ്രത്യേകമായാണ് നിര്‍മിക്കുന്നത്.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.