പാല​ക്കു​ഴി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യോടൊപ്പം ഡാം സൈ​റ്റി​ൽ സോ​ളാ​ർ വൈദ്യു​തി ഉ​ത്പാ​ദ​ന​വും പ​രി​ഗ​ണ​ന​യി​ൽ.

വടക്കഞ്ചേരി: പാലക്കുഴിയിലെ ജലവൈദ്യുത പദ്ധതിയോടൊപ്പം തടയണ സൈറ്റിൽ സോളാർപാനൽ സ്ഥാപിച്ചും വൈദ്യുതി ഉത്പാദനം ആലോചനയിലാണെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇതിന്റെ സാധ്യതകൾ പരിശോധിച്ചു വരികയാണ്. പദ്ധതി കേന്ദ്രീകരിച്ച് പാലക്കുഴിയെ ടൂറിസം സ്പോട്ടായി ഉയർത്തുന്നതും സജീവ പരിഗണനയിലുണ്ട്.

വെള്ളച്ചാട്ടത്തിനു താഴെ കൊന്നക്കൽകടവിൽ ജല വൈദ്യുത പദ്ധതിയുടെ പവർഹൗസിലേക്കുള്ള റോഡിന്റേയും പാലത്തിൻ്റേയും ഉദ്ഘാടന പ്രസംഗത്തിലാണ് ജില്ലാ പഞ്ചായത്ത്, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ ഇക്കാര്യങ്ങൾ അറിയിച്ചത്. ജില്ലാ പഞ്ചായത്തിന്റെ ആദ്യ പദ്ധതിയായ മണ്ണാർക്കാട് മീൻവല്ലം പദ്ധതി ലാഭത്തിലാണിപ്പോൾ.

വർഷത്തിൽ രണ്ടുകോടി രൂപയുടെ ലാഭമുണ്ടന്ന് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി പറഞ്ഞു. ഈ ഫണ്ട് ഉപയോഗിച്ചാണ് പാലക്കുഴി പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. ജില്ലാ പഞ്ചായത്തിന്റെ മൂന്നാമത്തെ ജലവൈദ്യുത പദ്ധതിയായി പാലക്കയം ലോവർ വട്ടപ്പാറ പദ്ധതി യുടെയും പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്.

പാലക്കുഴിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് കിഴക്കഞ്ചേരി പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഒരു ജില്ലയിൽ മൂന്ന് പഞ്ചായത്തുകളെ ടൂറിസം വികസനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളതിൽ ഒന്നാണ് പാലക്കുഴി ഉൾപ്പെടുന്ന കിഴക്കഞ്ചേരി പഞ്ചായത്ത്.