വടക്കഞ്ചേരിയിൽ നാളെ ഗതാഗത നിയന്ത്രണം.

വടക്കഞ്ചേരി: നവകേരളസദസ്സിന്റെ ഭാഗമായി നാളെ ഉച്ചയ്ക്ക് 2 മണിക്കുശേഷം വടക്കഞ്ചേരി ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാലക്കാട്, ഗോവിന്ദാപുരം, മംഗലംഡാം, തൃശ്ശൂർ ഭാഗത്തേക്കുള്ള ബസുകൾ റോയൽ കവലയിൽ സർവീസ് റോഡിലൂടെ എത്തി റോയൽ, തങ്കം കവലകളിൽ യാത്രക്കാരെ ഇറക്കി ദേശീയപാതയിലേക്ക് പ്രവേശിക്കണം.

കിഴക്കഞ്ചേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചന്തപ്പുരയിൽ യാത്ര അവസാനിപ്പിക്കണം. സ്വകാര്യ വാഹനങ്ങൾ പാളയം കവലയിൽനിന്ന് കരിപ്പാലി ഭാഗത്തേക്ക് തിരിഞ്ഞു പോകണം. കണ്ണമ്പ്ര ഭാഗത്തു നിന്നുവരുന്ന വാഹനങ്ങൾ റോയൽ ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കണം. കണക്കൻതുരുത്തി, പല്ലാറോഡ് ഭാഗത്തു നിന്നുവരുന്ന ബസുകൾ ശ്രീരാമ തിയേറ്ററിന് സമീപം സർവീസ് അവസാനിപ്പിക്കണം.

സ്വകാര്യ വാഹനങ്ങൾ മാണിക്യപ്പാടം റോഡ് വഴി തിരിഞ്ഞുപോകണം. നവകേരള സദസ്സിനായി വരുന്ന കണ്ണമ്പ്ര, പുതുക്കോട്, കോട്ടായി പെരിങ്ങോട്ടുകുറിശ്ശി, തരൂർ,കുത്തനൂർ, കാവശ്ശേരി ഭാഗത്തു നിന്നുവരുന്ന വാഹനങ്ങൾ തങ്കം കവലയിൽ ആളെയിറക്കി ഐ.എച്ച്.ആർ.ഡി. കോളേജിന് സമീപത്തുള്ള പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്യണമെന്നും വടക്കഞ്ചേരി പോലീസ് അറിയിച്ചു.