വടക്കഞ്ചേരിയിൽ സ്കൂട്ടർ മോഷണം പോയ കേസിലെ മോഷണ സംഘത്തിലെ 2 പേർ അറസ്റ്റിൽ.

വടക്കഞ്ചേരി: കാരയങ്കാട്ടിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ കവർന്ന കേസിൽ രണ്ടുപേരെ വടക്കഞ്ചേരി പോലീസ് പിടികൂടി. ഇവർ തമിഴ്‌നാട്ടിലെ വാഹനമോഷണസംഘത്തിലുൾപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം തിരുമല പുത്തൻവീട്ടിൽ വിഷ്ണു‌ (23), കോയമ്പത്തൂർ സൂലൂർ പള്ളിവാസൽത്തെരുവ് മുഹമ്മദ് അസ്ലാം റിയാസുദ്ദീൻ (26) തുടങ്ങിയവരാണ് അറസ്റ്റിലായത്.

കാരയങ്കാട് ഗാന്ധിനഗർ നാലുംകെട്ട് വീട്ടിൽ അൽത്താഫിന്റെ സ്കൂട്ടറാണ് കവർന്നത്. നവംബർ ആറിനായിരുന്നു സംഭവം. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, മോഷ്‌ടിച്ച സ്കൂ‌ട്ടറിൽ പോകുന്നതിനിടെ പ്രതികളെ പിടികൂടുകയായിരുന്നു.

കാരയങ്കാട് പാറക്കുണ്ടിൽ പി.ആർ. സുബിയുടെ ബൈക്ക് കവർന്നശേഷം വഴിയിൽ ഉപേക്ഷിച്ചതും ഇവരാണെന്ന് സമ്മതിച്ചതായി വടക്കഞ്ചേരി പോലീസ് പറഞ്ഞു.

പ്രതികളെയും കൂട്ടി പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു ഇവർ ബൈക്ക് കവർന്നതായും കണ്ടെത്തി. സംഭവത്തിൽ കൂടുതൽ പ്രതികളുള്ളതായി വടക്കഞ്ചേരി പോലീസ് പറഞ്ഞു.