വരള്‍ച്ച തടയാൻ ജലസേചനം തുടങ്ങി കര്‍ഷകര്‍.

നെന്മാറ: തുലാവര്‍ഷം പിൻവാങ്ങിയതോടെ നെല്‍പ്പാടങ്ങളില്‍ വെള്ളം വറ്റിത്തുടങ്ങിയതിനാല്‍ പാടത്തേയ്ക്ക് വെള്ളം പമ്പ് ചെയ്ത് കര്‍ഷകര്‍.

കുളം, കിണര്‍, കുഴല്‍ കിണറില്‍ എന്നിവയില്‍ നിന്നും പമ്ബു ചെയ്താണ് വെള്ളം എത്തിക്കുന്നത്. പകല്‍ സമയം ചൂട് കൂടുന്നതിനാല്‍ നെല്‍പ്പാടങ്ങളില്‍ വെള്ളം പരക്കാൻ കൂടുതല്‍ സമയം വേണ്ടിവരുന്നതായി തിരുവഴിയാട് പുത്തൻ തറയിലെ കര്‍ഷകനായ കെ. നാരായണൻ പറഞ്ഞു.

പോത്തുണ്ടി ഡാമില്‍ നിന്നുള്ള കനാല്‍ വെള്ളമോ, ഇടമഴയോ ലഭിച്ചില്ലെങ്കില്‍ വലിപ്പം കൂടിയ നെല്‍പാടങ്ങളിലേയ്ക്ക് വെള്ളം എത്തിക്കുക പ്രയാസകരമായിരിക്കും. മൂപ്പ് കുറഞ്ഞ നെല്ലിനങ്ങളാണ് വിളയിറക്കിയിരിക്കുന്നതെങ്കിലും ഇനിയും രണ്ടു മാസത്തിലേറെ സമയം വെള്ളം വേണ്ടിവരും എന്നതാണ് കര്‍ഷകരുടെ ആശങ്ക.

പോത്തുണ്ടി അണക്കെട്ട് 25 ദിവസത്തില്‍ താഴെ ദിവസം വിതരണത്തിനുള്ള വെള്ളമാണ് നിലവിലുള്ളത്. സ്വന്തമായി വെള്ളത്തിന്‍റെ സ്രോതസുകളും, പമ്പ് ചെയ്യാൻ സൗകര്യമില്ലാത്ത കര്‍ഷകര്‍ കനാല്‍ വെള്ളം വരുന്നത് വരെ താല്ക്കാലികമായി സമീപകര്‍ഷകരുടെ പമ്പുകളില്‍ നിന്ന് കുഴലുകള്‍ ഇട്ടാണ് നനയ്ക്കുന്നത്.

വേനല്‍ കൂടുതല്‍ ശക്തി പ്രാപിച്ചാല്‍ കുഴല്‍ ഉപയോഗിച്ചുള്ള നനയ്ക്കലും ഫലപ്രാപ്തിയില്‍ എത്താതെ വരുമെന്ന ആശങ്കയും കര്‍ഷകര്‍ പങ്കുവച്ചു.