കണ്ണമ്പ്രയിൽ സർക്കാർ പുറമ്പോക്ക് ഭൂമിയിലെ പാറ പൊട്ടിച്ചു കടത്തി.

വടക്കഞ്ചേരി: കണ്ണമ്പ പഞ്ചായത്തിലെ വാളുവെച്ചപാറ ചേവക്കോടുള്ള സർക്കാർ പുറമ്പോക്ക് ഭൂമിയിൽ നിന്ന് പാറപൊട്ടിച്ചു കടത്തി ക്വാറി മാഫിയ. പ്രദേശത്തെ ഭൂമികൾ വാങ്ങി ക്വാറി തുടങ്ങുന്നതിൻ്റെ മറവിലാണ് കണ്ണമ്പ്ര ഒന്ന് വില്ലേജിലെ ബ്ലോക്ക് 35ൽ പെടുന്ന സർക്കാർ ഭൂമിയിൽ നിന്നു പാറപൊട്ടിച്ചത്. നാട്ടുകാർ വില്ലേജ് അധികൃതർക്കും, പൊലീസിലും പരാതി നൽകി.

കണ്ണമ്പ്ര ഒന്ന് വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തി പരിശോധന നടത്തിയപ്പോഴാണ് പാറ പൊട്ടിച്ച സ്ഥ‌ലം സർക്കാർ പുറമ്പോക്ക് ഭൂമിയാണെന്ന് കണ്ടെത്തിയത്. ഇതോടെ പാറപൊട്ടിക്കൽ നിർത്താൻ ആവശ്യപ്പെടുകയും സ്‌റ്റോപ്പ് മെമ്മോ നൽകുകയും ചെയ്‌തു. ഇത് സംബന്ധിച്ച് കളക്ടർക്ക് റിപ്പോർട്ടും നൽകി.

മുൻപ് ഈ പ്രദേശത്ത് കരിങ്കൽ ക്വാറികൾ പ്രവർത്തിച്ചിരുന്നു. എന്നാൽ കല്ലുകൾ വീടുകളിലേക്ക് തെറിക്കുകയും, വീടുകൾക്ക് വിള്ളൽ ഉണ്ടാകുകയും ചെയ്ത‌തോടെ നാട്ടുകാർ കോടതിയെ സമീപിച്ചു. ക്വാറിയുടെ പ്രവർത്തനം നിർത്താൻ ഹൈക്കോടതി ഉത്തരവിട്ടു.

ഇതോടെ മുടങ്ങിക്കിടന്ന പൊട്ടിക്കലാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും തുടങ്ങിയത്. കഴിഞ്ഞ ദിവസം പാറ പൊട്ടിച്ചപ്പോൾ സ്ഫോടനത്തിൽ 2 വീടുകൾക്ക് വിള്ളൽ ഉണ്ടായി. ഇതോടെ നാട്ടുകാർ വീണ്ടും പരാതിയുമായി രംഗത്തിറങ്ങി. മുൻപ് ജില്ലാ കലക്‌ടർ ഉൾപെടെയുള്ളവർക്ക് അൻപതോളം വീട്ടുകാർ പരാതി നൽകിയിരുന്നു. ഇതിൻ്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പാറപൊട്ടിക്കൽ തുടങ്ങിയത്.

4 ഏക്കറോളം വരുന്ന സർക്കാർ പുറമ്പോക്ക് ഭൂമി ലീസിന് വാങ്ങി ക്വാറി വ്യാപിപ്പിക്കാനാണ് ശ്രമമെന്നും ഇത് അനുവദിക്കരുതെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. ക്വാറിക്കായി ഒരു അനുമതിയും നൽകിയിട്ടില്ലെന്നും അനധികൃത ക്വാറി പ്രവർത്തിപ്പിച്ചാൽ തടയുമെന്നും കണ്ണമ്പ്ര പഞ്ചായത്ത് അധികൃതരും പറഞ്ഞു.

കരിങ്കൽ ക്വാറികൾ വീടുകളിൽ നിന്നും 50 മീറ്റർ അകലം പാലിക്കണമെന്നാണ് ഇപ്പോഴത്തെ നിയമം. എന്നാൽ ഇതുപോലും പാലിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.