October 11, 2025

പോത്തുണ്ടി ജലസേചന പദ്ധതി; കനാലുകള്‍ വൃത്തിയാക്കാൻ തുടങ്ങി.

നെന്മാറ: പോത്തുണ്ടി ജലസേചന പദ്ധതിയിലുള്ള ജലവിതരണ കനാലുകള്‍ വൃത്തിയാക്കി തുടങ്ങി. രണ്ടാഴ്ചയ്ക്കകം ഇടതു- വലതുകര കനാലുകളുടെയും ഉപകനാലുകളുടെയും വൃത്തിയാക്കല്‍ പണികള്‍ പൂര്‍ത്തിയാകുമെന്ന് ജലസേചന അധികൃതര്‍ പറഞ്ഞു.

ജലസേചന വകുപ്പ് നേരിട്ട് കരാര്‍ നല്കിയാണ് കനാലുകള്‍ വൃത്തിയാക്കുന്നത്. ചെറിയ മണ്ണ് മാന്തി യന്ത്രങ്ങളും പുല്ലു വെട്ടുന്ന യന്ത്രങ്ങളും ഉപയോഗിച്ചാണ് കനാലുകള്‍ വൃത്തിയാക്കുന്നത്. യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുന്നതിനാല്‍ ദ്രുതഗതിയില്‍ പണികള്‍ പുരോഗമിക്കുന്നുണ്ട്.

മുൻവര്‍ഷങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളും, കര്‍ഷക സമിതികളുടെയും നേതൃത്വത്തിലാണ് കനാലുകള്‍ വൃത്തിയാക്കിയിരുന്നത്.

പരമാവധി 55 അടി സംഭരണശേഷിയുള്ള അണക്കെട്ടില്‍ നിലവില്‍ 24.80 അടി വെള്ളമാണ് ശേഷിക്കുന്നത്. നിലവിലെ സ്ഥിതി അനുസരിച്ച്‌ 25 ദിവസത്തില്‍ താഴെ മാത്രം വിതരണത്തിലുള്ള വെള്ളമാണ് ശേഷിക്കുന്നത്. ഡാം ഉപദേശക സമിതി യോഗം ചേര്‍ന്നശേഷമാണ് ജല വിതരണം സംബന്ധിച്ച തീരുമാനം എടുക്കുക.