January 15, 2026

മലമ്പുഴ കൂമ്പാച്ചി മലയിൽ നിന്നും സൈന്യം രക്ഷപ്പെടുത്തിയ ബാബു അറസ്റ്റിൽ.

പാലക്കാട്: മലമ്പുഴ കൂമ്പാച്ചി മലയിൽ നിന്നും സൈന്യം രക്ഷപ്പെടുത്തിയ ബാബു അറസ്റ്റിൽ. ബന്ധുവീട്ടിൽ അതിക്രമിച്ചുകടന്ന് ഉപകരണങ്ങൾ തല്ലിപ്പൊളിച്ച് അക്രമാസക്തനായ് ബാബു. പാചകവാതക സിലിൻഡർ തുറന്ന് വീട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകളോളം ഭീതിപടർത്തിയ ബാബുവിനെ അഗ്നിരക്ഷാസേനയും, പോലീസും ചേർന്ന് പിടികൂടി. മുമ്പ് മലമ്പുഴ കൂമ്പാച്ചിമലയിൽ അകപ്പെട്ട ബാബുവാണ് നാട്ടുകാരെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയത്.

ഇന്നലെ വൈകീട്ട് ആറോടെ മരുതറോഡ് ബസ്സ്റ്റോപ്പിനുസമീപത്തെ വീട്ടിലാണ് സംഭവം. വിവരമറിഞ്ഞ് പാലക്കാട് കസബ പോലീസ് സ്ഥലത്തെത്തി യുവാവിനെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന്, കഞ്ചിക്കോട് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്നിരക്ഷാ ജീവനക്കാരെത്തിയതോടെ ഇയാൾ കൈകൊണ്ട് ജനലിൻ്റെ ചില്ല് ഇടിച്ചുപൊട്ടിച്ച് സേനാംഗങ്ങളുടെനേരേ വലിച്ചെറിഞ്ഞു. ബാബുവിന്റെ മാനസികാസ്വാസ്ഥ്യം മനസ്സിലാക്കിയ പോലീസ് അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തി.

പാലക്കാട് അസി. സ്റ്റേഷൻ ഓഫീസർ ജഹുഫർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പി. ഉമ്മർ, കഞ്ചിക്കോട് ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ. മധു തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.