വടക്കഞ്ചേരി: അഞ്ചുമൂര്‍ത്തിമംഗലം ഗാന്ധിസ്മാരക യുപി സ്കൂളിലെ ഷിഫാനയും ആര്യയും സംസ്ഥാന സ്കൂള്‍ ജൈവ വൈവിധ്യ കോണ്‍ഗ്രസില്‍ പുതിയ കണ്ടെത്തലുകള്‍ അവതരിപ്പിക്കാനുള്ള തയാറെടുപ്പുകളിലാണ്.
അധിനിവേശ സസ്യ വൈവിധ്യവും ആവാസ വ്യവസ്ഥയ്ക്ക് ഇത്തരം സസ്യങ്ങള്‍ ഉണ്ടാക്കുന്ന ദോഷങ്ങളും എന്ന വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തി ശാസ്ത്രലോകത്തിന് മുതല്‍കൂട്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം.
ഈ വിഷയത്തിലുള്ള പ്രോജക്‌ട് അവതരിപ്പിച്ചാണ് ഈ മിടുക്കികുട്ടികള്‍ പാലക്കാട് നടന്ന റവന്യു ജില്ലാ സ്കൂള്‍ ജൈവ വൈവിധ്യ കോണ്‍ഗ്രസില്‍ ഒന്നാം സ്ഥാനത്തെത്തിയത്. തുടര്‍ പ്രവര്‍ത്തനം എന്ന നിലയില്‍ കൂടുതല്‍ അധിനിവേശ സസ്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.
ഇതിനായി ഒഴിവു സമയങ്ങളില്‍ സ്കൂളിനടുത്തുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന വിദേശ സസ്യങ്ങളെ കണ്ടെത്തുകയും അവ കൃഷിക്കും പരിസ്ഥിതിക്കും ഉണ്ടാക്കുന്ന ദോഷങ്ങളും ഇത് പടരുന്നത് തടയാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തുകയുമാണ് ഇവര്‍.
വേനപച്ച, ധൃതരാഷ്ട്ര പച്ച, ആന തൊട്ടാവാടി, പൂച്ചവാലൻ പുല്ല്, കുളവാഴ, കോതപുല്ല്, അരിപ്പൂച്ചെടി, കമ്യൂണിസ്റ്റ് പച്ച, ചിരവനാക്ക്, പൊന്നാങ്കണ്ണി, തൊട്ടാവാടി, നക്ഷത്രമുല്ല, തീപ്പൊരി മുല്ല, വയല്‍ ചീര, അപ്പ, മുടിയൻ പച്ച തുടങ്ങി 17 തരം അധിനിവേശ സസ്യങ്ങളെയാണ് പ്രദേശത്തു നിന്നും ഇതിനകം കണ്ടെത്തിയത്.
ഇതില്‍ ആന തൊട്ടാവാടി, ധൃതരാഷ്ട്ര പച്ച, കുളവാഴ, വേനപച്ച, പൂച്ചവാലൻ പുല്ല് എന്നീ സസ്യങ്ങള്‍ പരിസ്ഥിതിക്കും കൃഷിക്കും കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് കുട്ടികള്‍ പറയുന്നു. വടക്കേതറ ദാമോദരൻ, ചേറുംകോട് സുന്ദരൻ, കിഴക്കേതറ തമ്പി എന്നിവരുമായി കുട്ടികള്‍ അഭിമുഖം നടത്തിയാണ് കൂടുതല്‍ മനസിലാക്കുന്നത്. അധ്യാപകനായ കെ. ബിമലിന്‍റെ നേതൃത്വത്തിലാണ് കുട്ടികളുടെ പഠനം തുടരുന്നത്. ഹെഡ്മിസ്ട്രസ് പി.യു. ബിന്ദുവും മറ്റു അധ്യാപകരും കൂട്ടുകാരും സര്‍വ പിന്തുണയുമായി കുട്ടികള്‍ക്കൊപ്പമുണ്ട്.
സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിലെ ടെക്നിക്കല്‍ അസിസ്റ്റൻറ് ഡാന്‍റസ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്‍റ് പ്രഫ.ഡോ.ആര്‍. സൗമ്യ എന്നിവരാണ് അധിനിവേശ സസ്യങ്ങളെ തിരിച്ചറിയാൻ കുട്ടികളെ സഹായിക്കുന്നത്.
ഇത്തരത്തിലുള്ള അധിനിവേശ സസ്യങ്ങള്‍ പ്രദേശത്ത് വേറെയും ഉണ്ടോ എന്ന് കണ്ടെത്തി അവയെ കൂടി ഉള്‍പ്പെടുത്തി സംസ്ഥാനതല മത്സരത്തില്‍ കൂടുതല്‍ മികവുണര്‍ത്താനുള്ള തയാറെടുപ്പിലാണ് ഏഴാം ക്ലാസുകാരിയായ ഷിഫാനയും ആറാം ക്ലാസുകാരിയായ ആര്യയും.
Similar News
പുസ്തക വിതരണം നടത്തി.
ആലത്തൂർ സബ് ജില്ലാ കലോത്സവം സമാപിച്ചു: ബിഎസ്എസ് ഗുരുകുലം ജേതാക്കൾ
വീഴുമലയിലെ പാരിസ്ഥിതികാഘാതം പഠനവിഷയമാക്കി വിദ്യാർഥികൾ