മംഗലംഡാം: ജനങ്ങളെ ഭീതിയിലാക്കി മംഗലംഡാം മലയോരപ്രദേശമായ പൂതംകുഴിയിൽ വീണ്ടും കാട്ടാനയെത്തി. സജി അറാക്കൽ, ബിജു അറാക്കൽ, ജോയി തോമസ് കാഞ്ഞിരപ്പള്ളിൽ, മോഹനൻ കരിമ്പിൽ തുടങ്ങിയവരുടെ വാഴ, തെങ്ങ്, റബ്ബർതൈകൾ തുടങ്ങിയവ നശിപ്പിച്ചു ബിജു അറാക്കലിൻ്റെ വീടിന്റെ 50 മീറ്റർ അകലെവരെ കാട്ടാനയെത്തി. ഇന്നലെ പുലർച്ചെയാണ് കാട്ടാനയിറങ്ങിയത്.
ഞായറാഴ്ച പുലർച്ചെ പൂതംകുഴിയിൽ കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചിരുന്നു. പൂതംകുഴിയിൽ നിന്ന് നാലുകിലോമീറ്റർ അകലെയുള്ള നേർച്ചപ്പാറയിൽ തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും ആനയിറങ്ങിയിരുന്നു.
മംഗലംഡാം വനപാലകരുടെ നേതൃത്വത്തിൽ നേർച്ചപ്പാറയിൽനിന്ന് പടക്കം പൊട്ടിച്ച് ആനയെ കാട്ടിലേക്ക് കയറ്റിവിട്ടിരുന്നു. നേർച്ചപ്പാറയിൽനിന്ന് ഓടിച്ച ആന പൂതംകുഴിയിലെത്തിയതായാണ് വനംവകുപ്പിന്റെ നിഗമനം.
നേർച്ചപ്പാറയിലും, പൂതംകുഴിയിലും വനംവകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി ആനയെ ഉൾക്കാട്ടിലേക്ക് കയറ്റിവിടാൻ വണ്ടാഴി ഗ്രാമപ്പഞ്ചായത്തിൽ ചേർന്ന ജനജാഗ്രതാസമിതി യോഗത്തിൽ തീരുമാനം. നേർച്ചപ്പാറ, പൂതംകുഴി, മേമല, തളികക്കല്ല് ആദിവാസിക്കോളനി എന്നിവിടങ്ങളിലായി 12 കിലോമീറ്റർ സോളാർവേലി നിർമിക്കാനും തീരുമാനമായി. സോളാർവേലിക്കായി വനംവകുപ്പ് അടങ്കൽ തയ്യാറാക്കി സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കും.
കെ.എസ്.ഇ.ബി.യുടെ സഹകരണത്തോടെ കാട്ടാനശല്യമുള്ള മേഖലകളിൽ തെരുവുവിളക്ക് സ്ഥാപിക്കാനുള്ള നടപടികളെടുക്കാനും യോഗത്തിൽ തീരുമാനിച്ചു.
വണ്ടാഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് അധ്യക്ഷനായി. വൈസ്പ്രസിഡന്റ് പി. ശശികല, ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി.എച്ച്. സെയ്താലി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ബീന ഷാജി, പി.ജെ. മോളി, ആലത്തൂർ റെയ്ഞ്ച് ഓഫീസർ കെ.ആർ. കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.