മംഗലംഡാം ശ്രീകുറുമാലി ഭഗവതി ക്ഷേത്രത്തിലെ കതിരുത്സവം ഇന്ന്.

മംഗലംഡാം: ശ്രീകുറുമാലി ഭഗവതി ക്ഷേത്രത്തിലെ കതിരുത്സവം ഇന്നും, നാളെയും നടക്കും. മംഗലംഡാം, കല്ലാനക്കര, ഒടുകൂർ, പന്നിക്കുളമ്പ്, പറശ്ശേരി എന്നീ അഞ്ച് ദേശങ്ങൾ സംയുക്തമായാണ് കതിരുത്സവം നടത്തുന്നത്.

മംഗലംഡാം, കല്ലാനക്കര, പറശ്ശേരി ദേശക്കാർ മൂന്ന് ആനകൾ വീതവും ഒടുകൂർ ദേശത്തിൻ്റെ ഒരാനയും ചേർന്ന് 10 ഗജവീരന്മാരും, ചെണ്ടമേളവും, കതിരും, തണ്ടും, തമ്പോലവും, കുടയും, ശിങ്കാരിമേളവും തുടങ്ങി ഒട്ടേറെ കലാരൂപങ്ങളടങ്ങുന്ന വർണാഭമായ എഴുന്നള്ളത്ത് ദേശക്കാരുടെ ആവേശം വിളിച്ചോതുന്നതാകും.

കതിരുത്സവത്തിന് മുന്നോടിയായി വിവിധ ദേശക്കാരുടെ കൂറനാട്ടൽ ചടങ്ങും നടന്നു. മംഗലംഡാം, കല്ലാനക്കര, ഒടുകൂർ ദേശങ്ങൾ ഒരുമിച്ച് ഒടുകൂർ ശിവൻ കോവിൽ നിന്ന് ഇന്ന് വൈകിട്ട് 4ന് പുറപ്പെട്ട്, ഇടയ്ക്ക് പന്നിക്കുളമ്പ് ദേശവും കൂടി ചേർന്ന് മംഗലംഡാം ടൗണിൽ എത്തും.

ഈ സമയം പറശ്ശേരി ദേശവും ടൗണിൽ എത്തിച്ചേരും. എല്ലാ ദേശക്കാരും മംഗലംഡാം ടൗണിൽ സംഗമിച്ച് 10 ഗജവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. രാത്രി മലമക്കളുടെ ഇഷ്ട്ട കലാരൂപമായ പൊറാട്ടുനാടകം നടക്കും.

നാളെ വൈകിട്ട് 7ന് മംഗലംഡാം ടൗണിൽ ഗാനമേളയും തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.