മണപ്പാടത്ത് വീട്ടിൽ നിന്നും ക്രിസ്മസ് വിളക്കുകൾ മോഷ്ടിച്ചതായി പരാതി.

വടക്കഞ്ചേരി: മണപ്പാടത്ത് ക്രിസ്മസിന്‍റെ ഭാഗമായി വീടിനുമുന്നിൽ തൂക്കിയിരുന്ന നക്ഷത്ര വിളക്കുകളും, അലങ്കാര വൈദ്യുത മാലകളും മോഷ്ടിച്ചതായി പരാതി. മണപ്പാടം ക്ഷേത്രം റോഡിൽ ഇടത്തട്ടേൽ സജി തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടരക്കും, നാലരയ്ക്കും ഇടക്കുള്ള സമയത്താണ് മോഷണം നടത്തിയിട്ടുള്ളതെന്ന് സജി തോമസ് വടക്കഞ്ചേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

ഗേറ്റ് തുറന്നാണ് വീടിനു മുന്നിൽ തൂക്കിയിരുന്ന അലങ്കാര വിളക്കുകളും, നക്ഷത്ര വിളക്കുകളും അഴിച്ചെടുത്തിട്ടുള്ളത്. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.