നെല്ലിയാമ്പതിയിലേക്ക് നിയന്ത്രണം ലംഘിച്ച്‌ വാഹനങ്ങള്‍ കടത്തിവിടുന്നതായി പരാതി.

നെല്ലിയാമ്പതി: റോഡ് അപകടാവസ്ഥയിലായതിനാല്‍ വലിയ യാത്രാവാഹനങ്ങള്‍ക്ക് നിയന്ത്രണം നിലനില്‍ക്കെ ചില വാഹനങ്ങളെ വനംവകുപ്പ് അധികൃതര്‍ കടത്തിവിടുന്നതായി പരാതി. നെല്ലിയാമ്പതിയിലെ വൻകിട റിസോര്‍ട്ടുകളില്‍ തങ്ങാൻ എത്തുന്നവരെയാണ് റിസോര്‍ട്ട് അധികൃതരുടെ ഒത്താശയോടെ വനപാലകര്‍ കടത്തിവിടുന്നത്.

ചെറുനെല്ലിക്കടുത്ത് റോഡിന്റെ ഒരു വശം ഇടിഞ്ഞതിനാല്‍ ഒരു മാസമായി വലിയ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. റോഡ് പണി നടക്കുകയാണ്. കൂടുതല്‍ യാത്രക്കാരുമായി സഞ്ചരിച്ചാല്‍ അപകടം ഉണ്ടാകാമെന്ന വിദഗ്ധ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്ഥലത്ത് ഭാഗിക യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയത്.

സീസണായതിനാല്‍ നിയന്ത്രണമറിയാതെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ പോത്തുണ്ടി ചെക്ക്പോസ്റ്റില്‍നിന്ന് തിരിച്ചു പോകുന്ന സ്ഥിതിയുണ്ട്. എന്നാല്‍ റിസോര്‍ട്ട് അധികൃതരുടെ താല്‍പര്യസംരക്ഷണാര്‍ഥം ചില വാഹനങ്ങള്‍ കടത്തിവിടുന്ന വനം വകുപ്പിന്റെ നടപടിയെ നാട്ടുകാരും സന്ദര്‍ശകരും ചോദ്യം ചെയ്യുന്നുണ്ട്. പരാതിപ്പെട്ടിട്ടും കണ്ണടക്കുന്ന വനം വകുപ്പിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് നാട്ടുകാര്‍ പറയുന്നു.