October 11, 2025

കനാല്‍ പരിശോധന കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തം.

വടക്കഞ്ചേരി: ഡാമില്‍നിന്നുള്ള കനാലുകളുടെ വാലറ്റപ്രദേശങ്ങളില്‍ വെള്ളം എത്തുന്നില്ലെന്ന പരാതി നിലനില്‍ക്കെ വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കണമെന്ന ആവശ്യം ശക്തം. വീണു കിടക്കുന്ന മരങ്ങളും പ്ലാസ്റ്റിക് ഉള്‍പ്പെടെ കനാലിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങളും ചെറുമരങ്ങളുടെ കുറ്റികളുമെല്ലാം വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെടാൻ കാരണമാകുന്നുണ്ട്.

മംഗലംഡാമിന്‍റെ ഇടതു- വലതു മെയിൻ കനാലുകളില്‍പോലും ഇത്തരം തടസങ്ങളുണ്ടെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാലങ്ങളായി കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന പ്രദേശത്തേക്കും വെള്ളം ഒഴുകി പാഴാകുന്ന സ്ഥിതിയുമുണ്ട്. നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി നന്നേ കുറഞ്ഞതോടെ കനാല്‍ വെള്ളം പലവഴിക്കാണിപ്പോള്‍. ചതുപ്പു പ്രദേശങ്ങള്‍ നിറഞ്ഞ് കവിഞ്ഞു വേണം താഴെയുള്ള പല പാടശേഖരങ്ങളിലേക്കും വെള്ളം എത്താൻ.

23 കിലോമീറ്റര്‍ താണ്ടി വേണം മംഗലംഡാമിന്‍റെ ഇടതു – വലതു കനാലുകള്‍ക്ക് വാലറ്റങ്ങളിലെത്താൻ. ഇതിനാല്‍ കനാലുകളുടെ തുടക്കത്തില്‍ തന്നെ തടസങ്ങളുണ്ടായാല്‍ ഒഴുക്കിന്‍റെ ശക്തി കുറഞ്ഞ് പിന്നെ കനാലുകളുടെ പകുതി ദൂരം കടക്കുമ്പോഴേക്കും വെള്ളം നന്നേ കുറഞ്ഞ് നീര്‍ചാലായി മാറുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.