January 15, 2026

മംഗലംഡാം റിസര്‍വോയറിലെ മണ്ണ് നീക്കല്‍ തടസപ്പെട്ടിട്ട് 2 വർഷമായി.

മംഗലംഡാം: മംഗലംഡാം റിസർവോയറിലെ മണ്ണും, മണലും നീക്കം ചെയ്യൽ പദ്ധതി പാതിവഴിയിൽ നിലച്ചത് ജില്ലയിലെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നായ മംഗലംഡാം സമഗ്ര കുടിവെള്ള പദ്ധതിയും അവതാളത്തിലാക്കി. വീടുകളിലേക്കു വരെ പൈപ്പിടൽ മാത്രമാണ് നടക്കുന്നത്. മറ്റു പ്രവൃത്തികളെല്ലാം നിലച്ചു.

പദ്ധതി പ്രവർത്തനങ്ങൾ ഈ വർഷമെങ്കിലും പുനരാരംഭിക്കുമോ എന്നാണ് ജനങ്ങൾ ഉറ്റു നോക്കുന്നത്. ഡാമിലെ മണ്ണ് നീക്കം ചെയ്യൽ തടസപ്പെട്ടുകിടക്കുന്നത് കോടികളുടെ കുടിവെള്ള പദ്ധതി ഇല്ലാതാകുമോ എന്ന ആശങ്കക്കും കാരണമാകുന്നുണ്ട്.

ഡാമിലെ ജലസംഭരണം കൂട്ടാൻ ലക്ഷ്യം വച്ചായിരുന്നു സംസ്ഥാനത്ത് തന്നെ ആദ്യ പൈലറ്റ് പദ്ധതിയായി ഡാമിൽ മണ്ണെടുപ്പ് തുടങ്ങിയത്. കൂടുതൽ ജലസംഭരണത്തിലൂടെ മാത്രമെ കുടിവെള്ള പദ്ധതിക്ക് വെള്ളമുണ്ടാകൂ. അതല്ലെങ്കിൽ രണ്ടാം വിള നെൽകൃഷിക്കുള്ള ജലവിതരണത്തോടെ ഡാം വറ്റുന്ന സ്ഥിതിയാണ്.

2018 ജൂലൈയിൽ നിർമാണോദ്ഘാടനം കഴിഞ്ഞ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടലും, പ്രധാന ടാങ്ക് നിർമാണവും അന്തിമഘട്ടത്തിലാണ്. ഡാമിൽ നക്ഷത്ര ബംഗ്ലാകുന്നിൽ ജലസംഭരണികളുടെയും, ജല ശുദ്ധീകരണശാലകളുടെയും പണികൾ ഏതാണ്ട് പൂർത്തിയായി.

മംഗലംഡാം ഉൾപ്പെടുന്ന വണ്ടാഴി പഞ്ചായത്ത് സമീപ പഞ്ചായത്തുകളായ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര എന്നീ നാലു പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനുള്ള താണ് പദ്ധതി. 95 കോടി രൂപയാണ് ഇപ്പോൾ കണക്കാക്കിയിട്ടുള്ളതെങ്കിലും പണികൾ പൂർത്തിയാകുമ്പോൾ 140 കോടി രൂപ വേണ്ടിവരും. മംഗലംഡാം റിസർവോയറാണ് പദ്ധതിയുടെ ജലസ്രോതസ്.

പ്രതിദിനം 240 ലക്ഷം ലിറ്റർ വെള്ളം ഡാമിൽ നിന്നും പമ്പ് ചെയ്യണം. മഴക്കാല മാസങ്ങളിലും, ഡിസംബർ വരെയും ഇത് സാധ്യമാകും. രണ്ടാം വിള നെൽകൃഷിക്ക് വെള്ളം വിടുന്നതിനൊപ്പം, കുടിവെള്ളത്തിനും ഇത്രയും വെള്ളം കണ്ടത്തേണ്ടതുണ്ട്.

മഴക്കാലത്ത് ഷട്ടറുകൾ തുറന്ന് പുഴയിലേക്ക് ഒഴുക്കി വെള്ളം പാഴാക്കുന്നത് തടയാനായാൽ ഈ പദ്ധതികളെല്ലാം വിജയകരമാകും. ഡാമിന്റെ സംഭരണശേഷി കൂട്ടാതെ കുടിവെള്ള പദ്ധതി വിജയിക്കില്ല.