കുതിരാൻ വലത് തുരങ്കത്തിൽ ഗതാഗതം ഒറ്റവരിയാക്കി.

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ കുതിരാൻ വലതുതുരങ്കത്തിൽ (പാലക്കാട് ദിശയിലേക്കുള്ളത്) ഗതാഗതം ഒറ്റവരിയാക്കി. മൂന്നുവരികളുള്ള പാതയുടെ നടുവിലൂടെ ബാരിക്കേഡുകൾ വെച്ചാണ് ഗതാഗതം ഒറ്റവരിയാക്കിയത്.

ഇടതുതുരങ്കത്തിൽ (തൃശ്ശൂർ ദിശയിലേക്കുള്ളത്) മേൽഭാഗം കോൺക്രീറ്റ് ഇടുന്ന ജോലികൾ തുടങ്ങുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിനു മുന്നോടിയായാണ് വലതുതുരങ്കത്തിൽ ഗതാഗതം ഒറ്റവരിയാക്കിയത്.

വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളൊരുക്കാതെയുള്ള ഗതാഗതക്രമീകരണം അപകടഭീഷണി ഉയർത്തുന്നുണ്ട്. വലതുതുരങ്കത്തിനുള്ളിൽ റോഡിനടിയിൽ നിന്നുള്ള നീരൊഴുക്ക് തുടരുന്നതും മമ്മദുപടി ഭാഗത്ത് റോഡിന്റെ വീതിക്കുറവുമാണ് സുരക്ഷയിൽ ആശങ്കയുയർത്തുന്നത്.

വലതുതുരങ്കത്തിന്റെ പടിഞ്ഞാറേ പ്രവേശനഭാഗം മുതൽ തുരങ്കം കടന്ന് മമ്മദുപടി വരെയാണ് ഒറ്റവരിയാക്കി ഗതാഗതം ക്രമീകരിച്ചിട്ടുള്ളത്. വലതുതുരങ്കത്തിൽ നീരൊഴുക്കുള്ള ഭാഗം ചെളിയായി തെന്നിക്കിടക്കുകയാണ്. വാഹനങ്ങൾ ഈ ഭാഗം ഒഴിവാക്കി അടുത്ത ട്രാക്ക് വഴിയാണ് കടന്നുപോയിരുന്നത്.

ഒറ്റവരി ഗതാഗതമായതോടെ വഴിമാറിപ്പോകാനാകില്ല. ഇരുചക്രവാഹനങ്ങൾ ഇവിടെ തെന്നിമറിയാനുള്ള സാധ്യതയുമുണ്ട്. നീരൊഴുക്കുള്ള ഭാഗത്ത് ദേശീയപാത അതോറിറ്റി പ്രാഥമികപരിശോധന നടത്തിയതല്ലാതെ തുടർനടപടികളുണ്ടായില്ല. മമ്മദുപടിക്കു സമീപം 100 മീറ്റർ ദൂരം സ്ഥലപരിമിതിമൂലം രണ്ടുവരിപ്പാതയാണുള്ളത്. ഈ ഭാഗം ഒറ്റവരിയാക്കിയതോടെ റോഡ് കൂടുതൽ ഇടുങ്ങി. വലിയ ലോറികൾ കടന്നുപോകാൻ പ്രയാസമാണ്. ഇവിടെ വളവും ഒരു വശം താഴ്ചയുമാണ്. വെളിച്ചവുമില്ല.

ആറുവരിപ്പാതയിൽ കുതിരാനു സമീപമുള്ള വഴുക്കുംപാറ മേൽപ്പാലത്തിന്റെ സംരക്ഷണഭിത്തിനിർമാണം പൂർത്തിയാക്കി പാത ഗതാഗതത്തിനായി തുറന്നു. 2023 ജൂലായിലാണ് കനത്ത മഴയെത്തുടർന്ന് സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡിൽ വിള്ളൽ രൂപപ്പെട്ടത്. തൃശ്ശൂർ ദിശയിലേക്കുള്ള ഭാഗത്താണ് ഇടിച്ചിലുണ്ടായത്. തുടർന്ന് പാലക്കാട് ദിശയിലേക്കുള്ള ട്രാക്കിലൂടെയാണ് ഇരുഭാഗത്തേക്കുമുള്ള ഗതാഗതം ക്രമീകരിച്ചിരുന്നത്.