മംഗലംഡാം പഞ്ചായത്ത് രൂപീകരണം; പ്രതീക്ഷയോടെ മലയോര ജനത.

മംഗലംഡാം: മലയോരമേഖലയിലെ പഞ്ചായത്ത് രൂപീകരണ പ്രഖ്യാപന പ്രതീക്ഷയില്‍ പ്രദേശവാസികള്‍. വണ്ടാഴി പഞ്ചായത്തിന്‍റെ മലയോര മേഖലയെയും, കിഴക്കഞ്ചേരി പഞ്ചായത്തിലെ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് മംഗലംഡാം പഞ്ചായത്ത് രൂപീകരിക്കണമെന്നത് കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ്.

ഇതു യാഥാര്‍ഥ്യമാക്കുന്ന തിനായി വികസന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നവകേരള സദസിന് സമര്‍പ്പിച്ച അപേക്ഷയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് നാട്ടിലെ ജനങ്ങള്‍. അധ്വാനത്തിലൂടെയും, നിരന്തര പരിശ്രമത്തിലൂടെയും, നാണ്യവിളകളുടെയും, കാര്‍ഷിക ഉത്പന്നങ്ങളുടെയും സമ്പത്ത് വര്‍ധിപ്പിച്ച്‌ മലയോര മേഖലയില്‍ വിജയത്തിന്‍റെ വെന്നിക്കൊടി പാറിച്ചവരാണ് ഈ നാട്ടിലെ കുടിയേറ്റക്കാര്‍.

എന്നാല്‍ അധ്വാന വര്‍ഗത്തിന്‍റെ ആവശ്യങ്ങള്‍ക്ക് പരിഗണന കൊടുക്കുന്നതില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് ശ്രദ്ധക്കുറവുണ്ടായി എന്ന് ഇവര്‍ പറയുന്നു. സമീപത്തെ പഞ്ചായത്തുകളുടെ വിസ്തീര്‍ണക്കൂടുതലും, ജനസംഖ്യാ വര്‍ധനവുമാണ് ഇതിന് കാരണമായതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അടിസ്ഥാന വികസനങ്ങളായ ഗതാഗതം, പാര്‍പ്പിടം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പഞ്ചായത്ത് രൂപീകരണത്തിലൂടെ കൂടുതല്‍ വികസനം സാധ്യമാകുമെന്നും ഇവര്‍ പറയുന്നു. 2015 ല്‍ വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകള്‍ വിഭജിച്ച്‌ മംഗലംഡാം പഞ്ചായത്ത് രൂപീകരണ നടപടികള്‍ പൂര്‍ത്തിയായതാണ്.

ഇത് സംബന്ധിച്ച്‌ അന്നത്തെ സര്‍ക്കാര്‍ പ്രഖ്യാപനവും നടത്തിയിരുന്നു. എന്നാല്‍ കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട കേസിന്‍റെ പേരില്‍ രൂപീകരണ പ്രക്രിയ നിലയ്ക്കുകയാണ് ഉണ്ടായതെന്ന് മംഗലംഡാം വികസന കൂട്ടായ്മ ഭാരവാഹി തോമസ് ഇലഞ്ഞിമറ്റം പറഞ്ഞു.