കുരുത്തിക്കോട് പാലം പൊളിച്ചതിനാൽ യാത്രാക്ലേശം രൂക്ഷമായി.

ആലത്തൂർ: തരൂർപള്ളി-തോണിക്കടവ് പാതയിൽ ഗായത്രി പുഴയ്ക്ക് കുറുകേയുള്ള പഴയ കുരുത്തിക്കോട് പാലം പൊളിച്ചുതുടങ്ങി. പുതിയ പാലം പണിയുന്നതിനാണിത്. ഗതാഗതത്തിന് ബദൽ മാർഗം ഇല്ലാത്തത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കി.

മണപ്പാടം ഭാഗത്തേക്ക് പോകാൻ കഴനി ചുങ്കം-തെന്നിലാപുരം- മഞ്ഞപ്ര വഴിയോ പാടൂർ-ആനവളവ്-അരണങ്ങോട്ടുകടവ് പാലം വഴിയോ വേണം പോകാൻ. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, മണപ്പാടം, പ്ലാഴി, പഴയന്നൂർ ഭാഗങ്ങളിൽനിന്ന് പഴമ്പാലക്കോട്ടേക്കും തിരുവില്വാമല, മണപ്പാടം, പുതുക്കോട്, കണ്ണമ്പ്ര, വടക്കഞ്ചേരി ഭാഗത്തേക്കും ചുറ്റിത്തിരിഞ്ഞ് പോകണം.

കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി, തരൂർ ഗ്രാമപ്പഞ്ചായത്തുകളിൽ നിന്നുള്ളവർക്ക് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും വടക്കഞ്ചേരി, തൃശ്ശൂർ, പഴയന്നൂർ എന്നിവിടങ്ങളിലേക്കുമുള്ള എളുപ്പമാർഗം അടഞ്ഞു.

മണപ്പാടം, തോണിക്കടവ്, പ്ലാഴി ഭാഗത്തുനിന്ന് പഴമ്പാലക്കോട് സ്കൂ‌ളിൽ പഠിക്കുന്ന കുട്ടികളും പ്രയാസത്തിലായി. കാൽനടയായിപ്പോലും അക്കരയിക്കരെ കടക്കാനാകില്ല. ചീരക്കുഴി തടയണയിൽ വെള്ളം നിൽക്കുന്നതിനാൽ പാലത്തിനു സമീപത്ത് ഉയർന്ന ജലനിരപ്പുണ്ട്. ബദൽ പാതയ്ക്ക് തടസ്സമായി പറയുന്നത് ഇതാണ്. വെള്ളം താഴ്ന്നാൽ പരിഗണിക്കാമെന്നാണ് അധികൃതരുടെ നിലപാട്.

അത്തിപ്പൊറ്റയിൽ പാലം പൊളിച്ചപ്പോൾ പുഴയിൽ ബണ്ട് നിർമിച്ച് താത്കാലിക പാലം ഒരുക്കിയ മാതൃകയിൽ കുരുത്തിക്കോട്ടിലും താത്കാലിക പാലം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.