ലൈൻ ടച്ചിങ് വെട്ടുന്നതിന്റെ പേരിൽ പറമ്പിലെ വാഴകളും, മറ്റു വിളകളും വെട്ടി നശിപ്പിക്കുന്നതായി പരാതി.

വടക്കഞ്ചേരി: വൈദ്യുതി ലൈൻ ടച്ചിംഗ് വെട്ടു ന്നതിന്റെ പേരിൽ പറമ്പിലെ വാഴകളും മറ്റു വിള കളും വെട്ടി നശിപ്പിക്കുന്നതായി പരാതി. ആരോഗ്യപുരം മുലപ്പാറയിൽ ചാമക്കാടൻ എൽദോയുടെ പറമ്പിലെ വാഴകളും, വിളകളുമാണ് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിനു ഭീഷണിയാകുമെന്ന് പറഞ്ഞ് വൈദ്യുതി വകുപ്പിലെ കരാറുകാർ വെട്ടി നശിപ്പിച്ചത്.

കുലച്ചതും, കുലവരാറായതുമായ വാഴകളാണ് ഇത്തരത്തിൽ നശിപ്പിച്ചിട്ടുള്ളത്. വാഴയുടെ ഇലകൾ വെട്ടിമാറ്റി ടച്ചിംഗ് ഭീഷണി ഒഴിവാക്കാമെന്നിരിക്കെ അതുചെയ്യാതെ വാഴ തന്നെ വെട്ടി മാറ്റുകയായിരുന്നെന്ന് പറയുന്നു.

ടച്ചിംഗ് വെട്ടൽ കരാർ അടിസ്ഥാനത്തിലായതി നാൽ ഭാവിയിൽ വളരാൻ സാധ്യതയുള്ള വിളകൾകൂടി വെട്ടി നശിപ്പിക്കുകയാണ് ചെയ്യുന്നത്.

ഇതിനാൽ വർഷത്തിൽ ഒറ്റത്തവണ കൊണ്ട് ടച്ചിംഗ് വെട്ടി കരാർ നടപ്പിലാക്കാനുമാകും. കർഷകർക്കുണ്ടാകുന്ന നഷ്ടമൊന്നും ഇത്തരക്കാർക്ക് പ്രശ്‌നമല്ല. കുലച്ച വാഴ പിന്നേയും വളരില്ലെന്ന സാമാന്യബോധം പോലും ഇല്ലാതെയാണ് തലങ്ങും, വിലങ്ങും വാഴകൾ വെട്ടി നശിപ്പിച്ചിട്ടുള്ളത്. പന്നിയാക്രമണവും, മറ്റു കീടബാധകളും മറികടന്ന് വളരുന്ന വിളകൾക്കു നേരെയാണ് വൈദ്യുതി വകുപ്പിൻ്റെ ക്രൂരവിനോദം.