പാലക്കാട് നഗരത്തിൽ സുരക്ഷയുടെ ഭാഗമായുള്ള നിരീക്ഷണ ക്യാമറകൾ ഈ മാസം കൺതുറക്കും.

പാലക്കാട്: നഗരത്തിൽ സുരക്ഷയുടെ ഭാഗമായുള്ള നിരീക്ഷണ ക്യാമറ സംവിധാനം ഈ മാസം കൺതുറക്കും. പരീക്ഷണ നിരീക്ഷണം തുടങ്ങി. നഗരപരിധിയിൽ പ്രധാനപ്പെട്ട ജംക്ഷനുകൾ, റോഡ്, ഓഫിസ്, കോളനികൾ ഉൾപ്പെടെ 55 പോയിന്റുകളായി 170 ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങൾ ജില്ലാ പൊലീസ് ഓഫിസിലെ കൺട്രോൾ റൂമിൽ തൽക്ഷണം കാണാനാകും.

നഗരസഭാ അതിർത്തിക്കപ്പുറം ചന്ദ്രനഗർ ദേശീയപാത വരെ ക്യാമറകൾ സ്‌ഥാപിച്ചിട്ടുണ്ട്. ക്യാമറ സ്‌ഥാപിക്കുന്നതിന്റെ പ്രവൃത്തികൾ പൂർത്തീകരണ ഘട്ടത്തിലാണെന്നും ഈ മാസം തന്നെ പദ്ധതി നഗരത്തിനു സമർപ്പിക്കുമെന്നും നഗരസഭ ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് അറിയിച്ചു. നഗര സുരക്ഷയും കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിന് ഏറെ സഹായകരമാകുന്ന പദ്ധതികൂടിയാണിത്.

കൊച്ചിൻ ഷിപ്‌യാഡിൻ്റെ സാമൂഹിക പ്രതിബദ്ധത ഫണ്ട് കൂടി ഉപയോഗപ്പെടുത്തിയുള്ളതാണു ക്യാമറ പദ്ധതി. ശേഖരിക്കുന്ന ദൃശ്യങ്ങൾ 2 മാസം വരെ സൂക്ഷിക്കാനുള്ള സംവിധാനവും ഉണ്ട്. രാത്രി നിരീക്ഷണവും സാധ്യമാണ്. പൊലീസ് സുരക്ഷയ്ക്കു പുറമെ നഗരത്തിലെ മാലിന്യം തള്ളൽ ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങൾക്കും ഇതോടെ ഒരു പരിധി വരെ പരിഹാരമാകും. മാലിന്യം തള്ളുന്നവരെ കണ്ടെത്താനുമാകും.

പദ്ധതി പ്രാവർത്തികമാകുന്നതോടെ പൂർണമായും ക്യാമറ നിരീക്ഷണമുള്ള നഗരമായി പാലക്കാട് മാറും. അത്യാവശ്യ ഘട്ടങ്ങളിൽ സ്വകാര്യ സിസിടിവി ദൃശ്യങ്ങളെയാണ് പൊലീസ് ഇപ്പോൾ ആശ്രയിക്കുന്നത്. പദ്ധതി നടത്തിപ്പിൽ ഏറെ സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നെങ്കിലും പൊലീസ് കൂടി ഇടപെട്ട് അതെല്ലാം തരണം ചെയ്തിട്ടുണ്ട്.