പൊൻകണ്ടം ഇടവക സുവർണ ജൂബിലി ആഘോഷം ഇന്ന് മുതൽ.

മംഗലംഡാം: രാജ്യത്തെ ആദ്യ നെറ്റ് സിറോ ഇടവകയായ പൊൻകണ്ടം സെയ്ന്റ് ജോസഫ്സ് ഇടവകയുടെ സുവർണജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും. രാവിലെ ഒൻപതിന് പാലക്കാട് രൂപത മുൻ മെത്രാൻ മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്യും.

പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിക്കും. പൊതുസമ്മേളനം രമ്യ ഹരിദാസ് എം.പി. ഉദ്ഘാടനം ചെയ്യും. കെ.ഡി. പ്രസേനൻ എം.എൽ.എ. മുഖ്യാതിഥിയാകും. ആദ്യകാല കുടിയേറ്റ കർഷകരെ ആദരിക്കും.

എഴുപത് വർഷം മുമ്പ് പ്രദേശത്തേക്ക് കുടിയേറിയവരാണ് സെയ്ൻ്റ് ജോസഫ്സ് ഇടവക പള്ളി സ്ഥാപിച്ചത്. അന്നത്തെ അതിരൂപത മെത്രാനായിരുന്ന മാർ ജോസഫ് കുണ്ടുകുളമാണ് ഇടവക ദേവാലയം കൂദാശ ചെയ്‌തത്. ജൂബിലിയാഘോഷങ്ങൾ 21-ന് സമാപിക്കും.