ആലത്തൂർ: തൈറോയ്ഡ് ശസ്ത്രക്രിയയുടെ മുറിവിനുള്ളിൽ പഞ്ഞിയും, നൂലും വെച്ച് തുന്നിക്കെട്ടിയ ഡോക്ടറുടെ കൈപ്പിഴവ് വരുത്തിയ ദുരിതം വിൻസിയുടെ ജീവിതത്തിനൊപ്പം കൂടിയിട്ട് പത്തുവർഷമായി. മറ്റൊരു ശസ്ത്രക്രിയയിലൂടെ പഞ്ഞിയും, നൂലും നീക്കിയെങ്കിലും സ്വരനാളപാളിയിലുണ്ടായ (വോക്കൽ കോഡ്) അണുബാധമൂലം ശ്വാസംമുട്ടൽ വിട്ടുമാറാതായി.
പിന്നീട് ഏഴ് ശസ്ത്രക്രിയകൾ കൂടി വേണ്ടിവന്നു. ആരോഗ്യവും, ജീവിതവും പ്രതിസന്ധിയിലായതോടെ നീതിതേടി പോലീസിലും, കോടതിയിലും, ഉപഭോക്ത കോടതിയിലും നൽകിയ കേസുകൾ എട്ടുവർഷമായിട്ടും തീർപ്പായതുമില്ല.
പഴമ്പാലക്കോട് ഊട്ടുപുരപ്പടി വരിക്കമാക്കൽ ബൈജുവിൻറെ ഭാര്യ വിൻസിക്ക് (40) തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത് 2013-ലാണ്. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നു ദിവസത്തിനുശേഷം മുറിവ് വീർത്തുവന്നു. ഉള്ളിൽ നിറഞ്ഞ പഴുപ്പ് ഡോക്ടർ പലതവണയായി കുത്തിയെടുത്തെങ്കിലും വേദന കലശലായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സ്‌കാനിങ്ങിൽ, ഉള്ളിൽ പഞ്ഞിയും നൂലും ഉണ്ടെന്ന് തിരിച്ചറിഞ്ഞു.
അത് എടുത്തുകളയാമെന്നും കേസിനും, പ്രശ്നത്തിനും പോകരുതെന്നും മെഡിക്കൽ കോളേജിലെ ഡോക്ടർ അഭ്യർഥിച്ചു. ഡോക്‌ടർമാർ തമ്മിലുള്ള ഒത്തുകളിയാണെന്ന് വിൻസിയുടെ ഭർത്താവ് ബൈജു പറയുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജ് മുളങ്കുന്നത്തുകാവിലേക്ക് മാറ്റുന്ന സമയമായിരുന്നതിനാൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി പഞ്ഞിയും നൂലും പുറത്തെടുത്തു. പുറത്തെടുത്ത വസ്‌തുക്കൾ കുപ്പിയിലാക്കി ഇവർക്ക് കൈമാറുകയും ചെയ്തു.
ഇതിനുശേഷം ശ്വാസംമുട്ടലും ക്ഷീണവും സംസാരത്തിന് തടസ്സവും വിട്ടുമാറാതായി. കോയമ്പത്തൂരിലും പഴമ്പാലക്കോട് ഗവ. ആശുപത്രിയിലും ഡോക്‌ടർമാരെ കണ്ടു. 2015-ൽ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതോടെ കുറച്ച് ആശ്വാസമായെങ്കിലും ജോലിയൊന്നും ചെയ്യാൻ പറ്റാതായി.
2016-ൽ തൃശ്ശൂർ ജില്ലാ പോലീസ് സൂപ്രണ്ടിനും തൃശ്ശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കും തൃശ്ശൂർ ജില്ലാ ഉപഭോക്തൃകോടതിക്കും പരാതി നൽകി. 2019-ൽ കേസ് പരിഗണിച്ചപ്പോൾ ഇവർ ഹാജരായി. പിന്നീട് അഭിഭാഷകരാണ് കേസിൽ ഹാജരായത്.
Similar News
കാവശ്ശേരി ഓട്ടുപുര ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു വീടുകൾ കത്തിനശിച്ചു.
അപകടഭീഷണിയായി കൂറ്റൻ ആല്മരം.
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു