കതിരണിഞ്ഞ പാടങ്ങളില്‍ വരിശല്യം.

നെന്മാറ: പാടശേഖരങ്ങള്‍ കതിരണിഞ്ഞെങ്കിലും വരിശല്യം കൂടിയതോടെ കര്‍ഷകര്‍ ആശങ്കയില്‍. നെന്മാറ, അയിലൂര്‍ പാടശേഖരങ്ങളിലാണ് ഇപ്പോള്‍ കതിര്‍ വന്ന പാടശേഖരങ്ങളില്‍ വരി വളര്‍ന്നതു പറിച്ചുമാറ്റേണ്ട സ്ഥിതിയായത്.

കഴിഞ്ഞ വിളയില്‍ വരി ശല്യം കുറവായിരുന്നെങ്കിലും രണ്ടാം വിളയില്‍ വരി പറിച്ചുമാറ്റേണ്ടതിനു പണിക്കൂലിയില്‍ നല്ല തുക ചെലവാകുമെന്നു കര്‍ഷകര്‍ പറയുന്നു. വാങ്ങിയ നെല്‍വിത്തിലൂടെയോ അന്യസംസ്ഥാന കൊയ്ത്തുയന്ത്രങ്ങളിലൂടെയോ ആകാം വരിശല്യം കൂടാൻ കാരണമായതെന്നു കര്‍ഷകര്‍ കരുതുന്നു.

പാടങ്ങളില്‍ വെള്ളത്തിന്‍റെ കുറവുണ്ട്. കൃഷിയിറക്കാന്‍ വൈകിയതും മൂലം പലയിടത്തും കതിര്‍ നിരന്നു തുടങ്ങിയിട്ടേയുള്ളൂ.

ഇതിനിടെ പോത്തുണ്ടി ഡാമിലെ വെള്ളം എത്താൻ വൈകിയതു മൂലം ശരിയായ രീതിയില്‍ പരിചരണം നല്‍കാനും കര്‍ഷകര്‍ക്കായില്ല. വെള്ളക്കുറവുണ്ടാകുമെന്ന് കരുതി മൂപ്പു കുറഞ്ഞ വിത്തിനങ്ങളാണ് ഇത്തവണ കര്‍ഷകര്‍ ഉപയോഗിച്ചിരിക്കുന്നത്. വെള്ളത്തിന്‍റെ തോത് അനുസരിച്ച്‌ കര്‍ഷകര്‍ വിതയും, ഞാറ്റടിയുമാണ് തയാറാക്കിയിരുന്നത്.

തുടക്കത്തില്‍ വെള്ളമുണ്ടായിരുന്നുവെങ്കിലും പിന്നീട് വെള്ളം വാര്‍ന്നതോടെ കളപറിയും, വളപ്രയോഗവും നടത്താനും കാലതാമസുമുണ്ടായി. വെള്ളം ലഭിച്ച്‌ വളപ്രയോഗം നടത്തിയ പാടശേഖരങ്ങളാണ് ഇപ്പോള്‍ കതിരണിഞ്ഞു തുടങ്ങിയിട്ടുള്ളത്. ‌അടുത്ത മാസം അവസാനത്തോടെ കൊയ്‌തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മിക്ക കര്‍ഷകരും.