കിഴക്കഞ്ചേരി: പനങ്കുറ്റി, താന്നിച്ചുവട്, പാലക്കുഴി എന്നിവിടങ്ങളിൽ സോളാർവേലി തകർത്ത് കാട്ടാനയിറങ്ങുന്നത് തുടർക്കഥയായതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. സൗരോർജവേലിയുടെ പരിപാലനം കൃത്യമായി നടക്കുന്നില്ലെന്നും ബാറ്ററികളുടെയും, സൗരോർജപാനലുകളുടെയും പ്രവർത്തനം കാര്യക്ഷമമല്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.
പാലക്കുഴി മേഖലയിലെ വിലങ്ങൻപാറ, പി.സി.ആർ.പി.സി.എം., പുല്ലംപരുത എന്നിവിടങ്ങളിൽ സൗരോർജവേലിയുടെ സമീപമുള്ള കാടുവെട്ടിത്തെളിക്കലും കൃത്യമായി നടക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
പനങ്കുറ്റിയിൽ ചെറുനിലം ജോണിയുടെ കൃഷിയിടത്തിലാണ് കാട്ടാനശല്യം രൂക്ഷം. ആഴ്ചയിൽ രണ്ടുതവണയെങ്കിലും കാട്ടാനക്കൂട്ടം ചെറുനിലം ജോണിയുടെ കൃഷിയിടത്തിലിറങ്ങി തെങ്ങും കവുങ്ങും വാഴയും നശിപ്പിക്കുന്നുണ്ട്. കണച്ചപ്പിരുത-പാലക്കുഴി റോഡിൽ താന്നിച്ചുവട് ഭാഗത്താണ് കാട്ടാനയിറങ്ങുന്ന മറ്റൊരു പ്രധാനകേന്ദ്രം.
റോഡിൽ ഏതുസമയവും കാട്ടാനയുണ്ടാകാൻ സാധ്യതയുള്ളതിനാൽ പാലക്കുഴിയിലേക്കുള്ള യാത്ര ഭീതിയിലാണ്. പാലക്കുഴിയിൽ മുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. താന്നിച്ചുവട് ഭാഗത്ത് വനംവകുപ്പ് തെരുവുവിളക്കുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
പീച്ചി വനമേഖലയിൽനിന്നാണ് പാലക്കുഴി ജനവാസമേഖലയിലേക്ക് കാട്ടാനകളെത്തുന്നത്. സൗരോർജവേലിയുടെ അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തുടർച്ചയായി കാട്ടാനകൾ സൗരോർജവേലി തകർക്കുന്ന സ്ഥലങ്ങളിൽ തൂക്കുസൗരോർജവേലി സ്ഥാപിക്കുമെന്ന് വനംവകുപ്പധികൃതർ പറഞ്ഞു. പീച്ചി, വടക്കഞ്ചേരി ഫോറസ്റ്റ് സെക്ഷനുകൾക്കാണ് പരിപാലനച്ചുമതല.
Similar News
കാവശ്ശേരി ഓട്ടുപുര ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു വീടുകൾ കത്തിനശിച്ചു.
അപകടഭീഷണിയായി കൂറ്റൻ ആല്‍മരം.
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു