തലയോട്ടിയും, അസ്ഥികളും കണ്ടെത്തി.

പല്ലാവൂർ: പല്ലാവൂർ കുമരംപുത്തൂരിന് സമീപം ആറ്റാലക്കടവിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന തലയോടും, അസ്ഥികളും കണ്ടെത്തി. തടയണയുടെ ഭാഗത്താണ് കന്നുകാലികളെ മേയ്ക്കാൻ പോയ പ്രദേശവാസികൾ ഇന്നലെ വൈകീട്ട് അസ്ഥികൾ കണ്ടെത്തിയത്.

പുരുഷന്മാർ ധരിക്കുന്ന ഒരു ജോഡി ചെരുപ്പ്, അടിവസ്ത്രം എന്നിവയും കണ്ടെത്തിയിട്ടുണ്ട്. തലയോടും, അസ്ഥികളുമെല്ലാം പ്രദേശത്തുനിന്ന് ഒരു മാസംമുമ്പ് കാണാതായയാളുടേതാകാമെന്ന് പോലീസ് സംശയിക്കുന്നു. സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.

കൊല്ലങ്കോട് എസ്.ഐ. പി. സുജിത്, അഡീഷണൽ എസ്.ഐ. എം. മുരുകൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സയന്റിഫിക് അസിസ്റ്റന്റ് ഉൾപ്പെടെയുള്ളവർ ഇന്ന് ആറ്റാല കടവിലെത്തി പരിശോധനകൾ നടത്തും. സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.