ബാലികയെ പീഡിപ്പിച്ച കേസിൽ 15 വർഷം കഠിനതടവും, പിഴയും ശിക്ഷ.

പാലക്കാട്: വാളയാറിൽ 11 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. വാളയാർ ചുള്ളിമട ടി. റഹ്‌മാനാണ് (51) ജില്ലാ അഡീഷണൽ സെഷൻസ് കോടതി-ഒന്ന് (പോക്സോ കോടതി) ജഡ്‌ജി ആർ. വിനായക റാവു ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്കുനൽകാനും കോടതി ഉത്തരവിട്ടു.

2017-ൽ ഏപ്രിൽ, മേയ് മാസങ്ങളിലെ സ്കൂ‌ൾ അവധിക്കാലത്താണു കേസിനാസ്‌പദമായ സംഭവം. മിഠായി വാങ്ങിത്തരാമെന്നു പറഞ്ഞ്, പെൺകുട്ടിയെ റഹ്‌മാൻ ചുള്ളിമടയിൽ വാടകയ്ക്കു താമസിക്കുന്ന വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും മാനഹാനിയുണ്ടാക്കുകയും ചെയ്തെന്നാണു പ്രോസിക്യൂഷൻ കേസ്.

വാളയാർ പോലീസ് രജിസ്റ്റർചെയ്ത കേസിൽ അന്നത്തെ ഇൻസ്പെക്ട‌ർ ആർ. ഹരിപ്രസാദ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പി. സുബ്രഹ്മണ്യം, വി.എൻ. ഷീജ എന്നിവർ ഹാജരായി.