പാലക്കാട് വിജിലൻസിന് അഭിമാനം; കൊടുവായൂർ സ്വദേശിക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡൽ.

പാലക്കാട്: സ്തുത്യർഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ തിളക്കവുമായി പാലക്കാട് വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയിലെ എസ്.എ. ബി. സുരേന്ദ്രൻ. കൊടുവായൂർ ചാന്തുരുത്തി കിഴക്കുംപാടം കളത്തിൽ കർഷകത്തൊഴിലാളികളായ വി. ദേവകിയുടെയും വി. ബാലൻ്റെയും എട്ടു മക്കളിൽ ആറാമത്തെയാളാണ്. 1993-ൽ കെ.എ.പി. രണ്ടാം ബറ്റാലിയനിൽ കോൺസ്റ്റബിളായിട്ടാണു തുടക്കം. പാലക്കാട് എ.ആർ. ക്യാമ്പിലും വിവിധ പോലീസ് സ്റ്റേഷനുകളിലും ജോലിയെടുത്തു.

പാലക്കാട് വിജിലൻസ്, ബോംബ് സ്ക്വാഡ് എന്നിവയിലും അംഗമായിരുന്നു. ഒരു വർഷം മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറായിരുന്നു. അതിർത്തി ചെക്പോസ്റ്റുകളിലെ കൈക്കൂലിക്കേസുകളുൾപ്പെടെ ഒട്ടേറെ പ്രധാന അന്വേഷണസംഘങ്ങളിലെ അംഗമായിരുന്നു. അന്വേഷണമികവിന് 48 ഗുഡ് സർവീസ് എൻട്രികളും ഒട്ടേറെ അഭിനന്ദനരേഖകളും ലഭിച്ചിട്ടുണ്ട്. പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റിൽനിന്ന് 1.5 കോടിയിലേറെ രൂപ കണ്ടെടുത്ത അന്വേഷണസംഘത്തിലെ അംഗമായിരുന്നു.

കെ.എസ്.ഇ.ബി. എംപ്ലോയീസ് സഹകരണസംഘം സീനിയർ ക്ലാർക്കായ വണ്ടിത്താവളം അയ്യപ്പൻകാവ് സ്വദേശിനി ബി. ബിനുവാണ് ഭാര്യ. തണ്ണിശ്ശേരി കുറുംബനഗർ ‘ശ്രേയസ്സി’ലാണു താമസം. മക്കളായ ശ്രേയ കേന്ദ്രീയവിദ്യാലയത്തിൽ പ്ലസ് ടുവിനും ശിഖ വാസവി വിദ്യാലയത്തിൽ എട്ടാംക്ലാസിലും പഠിക്കുന്നു. 2021-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും 2019-ലെ വിജിലൻസ് ബാഡ്‌ജ് ഓഫ് ഓണറും ലഭിച്ചിട്ടുണ്ട്.