മംഗലംഡാം നേർച്ചപ്പാറയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം.

മംഗലംഡാം: മംഗലംഡാം നേർച്ചപ്പാറയിൽ വീണ്ടും കാട്ടാന ഇറങ്ങി. നേർച്ചപ്പാറ ഇലഞ്ഞിതറയിൽ പ്രോശോഭന്റെ പറമ്പിലാണ് കാട്ടനാ ഇറങ്ങി തെങ്ങ് നശിപ്പിച്ചത്. ഇന്ന് രാവിലെ റബർ ടാപ്പിങ്ങിനായി വന്നവരാണ് ആന കുത്തി മറിച്ചിട്ട തെങ്ങ് കണ്ടത്. ഈ മേഖലയിൽ ഇപ്പോൾ സ്ഥിരം ആനയിറങ്ങുന്നതായി പ്രശോഭൻ പറഞ്ഞു.

ജില്ലയുടെ വനാതിർത്തികളില്‍ മനുഷ്യ-വന്യജീവി സംഘർഷം അനുദിനം വർധിച്ചുവരികയാണ്. താളം തെറ്റിയ കാലാവസ്ഥക്കൊപ്പം കാടിറങ്ങുന്ന വന്യമൃഗങ്ങളും ചേരുമ്പോള്‍ കൃഷിയിടത്തില്‍ വിളയുന്നത് നിരാശ മാത്രം. മംഗലംഡാം, വടക്കഞ്ചേരി, നെന്മാറ, കല്ലടിക്കോട്, അട്ടപ്പാടി, മണ്ണാർക്കാട് എന്നിങ്ങനെ പ്രധാന കാർഷികമേഖലകളിലെല്ലാം തന്നെ വന്യമൃഗശല്യം രൂക്ഷമാണ്.

വനാതിർത്തിയിലെ ഭക്ഷ്യകൃഷി വർധിച്ചതോടെ ആനയടക്കം മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് പതിവാണ്. മലമ്പുഴയിലും, മംഗലംഡാമിലെ നേർച്ചപ്പാറ, കുഞ്ചിയാർപ്പതി, പപ്പടപ്പാറ, പോത്തൻതോട്, തിപ്പിലിക്കയം, കല്ലടിക്കോടിന്റെ ഉള്‍പ്രദേശങ്ങള്‍, അലനല്ലൂർ, അട്ടപ്പാടിയുടെ മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ ആനശല്യം രൂക്ഷമാണ്.

ഇതില്‍ മംഗലംഡാം മേഖലയില്‍ മാത്രം ആറുമാസത്തിനിടെ കാട്ടാനകള്‍ നശിപ്പിച്ചത് 500 ഏക്കറിലധികം കൃഷിയാണ്. ജില്ലയില്‍ കഴിഞ്ഞ 10 വർഷത്തില്‍ ആനക്കലിയില്‍ പൊലിഞ്ഞത് ഇരുപതോളം ജീവനുകളാണ്. ഇതില്‍ ഏറ്റവും കൂടുതലും പുതുശ്ശേരി പഞ്ചായത്തിനു കീഴില്‍ വരുന്ന കഞ്ചിക്കോട്, വാളയാർ വന മേഖലക്കു കീഴില്‍ വരുന്ന പ്രദേശങ്ങളിലാണ്.

2014 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ആനക്കലിയില്‍ പൊലിഞ്ഞ സ്ത്രീകളടക്കമുള്ള 11 പേരില്‍ രണ്ടു വനംവകുപ്പ് വാച്ചർമാരും ഉള്‍പ്പെടുന്നുണ്ട്. 2019 ഡിസംബറിലാണ് കഞ്ചിക്കോട് വലിയേരിക്കു സമീപം വനംവകുപ്പ് വാച്ചർ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെങ്കില്‍ അന്നം തേടിയുള്ള യാത്രകളാണ് പലർക്കും അന്ത്യയാത്രയായി മാറുന്നത്.