കൊയ്യാറായ നെല്‍പ്പാടങ്ങളില്‍ കള അരിഞ്ഞു മാറ്റി കര്‍ഷകര്‍.

നെന്മാറ: കൊയ്ത്തിനു പാകമായി വരുന്ന നെല്‍പ്പാടങ്ങളില്‍ കവട്ട ഇനത്തില്‍പ്പെട്ട കള കതിരു നിരന്നത് കർഷകരെ ഏറെ വലച്ചു.
അയിലൂർ കൃഷിഭവൻ പരിധിയിലെ തിരുവഴിയാട് പാടശേഖരങ്ങളിലായാണ് കവട്ടയുടെ വ്യാപനം രൂക്ഷമായത്. നെല്‍ച്ചെടിയോട് സാമ്യമുള്ളതും പരിചയ സമ്പന്നരായ തൊഴിലാളികള്‍ക്ക് മാത്രം തിരിച്ചറിഞ്ഞ് പറിച്ചു മാറ്റാൻ കഴിയുന്നയിനം കളയാണിത്.

കതിര് നിരക്കുന്ന സമയത്താണ് കളയുടെ സാന്നിധ്യവും രൂക്ഷതയും കർഷകർ മനസിലാക്കുന്നത്. വളമിടല്‍ തുടങ്ങി എല്ലാ കൃഷിപ്പണിയും കഴിഞ്ഞ് വിളവെടുക്കാറാവുമ്ബോള്‍ പ്രത്യക്ഷപ്പെടുന്ന ഈ കള നെല്ലിന്‍റെ ഉത്പാദനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് കർഷകർ പരാതിപ്പെട്ടു.

എന്നാല്‍ കൊയ്ത്ത് വരുന്നതിന് മുമ്പ് തന്നെ കവട്ടയുടെ മൂപ്പെത്തിയ വിത്തുകള്‍ കൊഴിയുന്നത് അടുത്ത വിളയിലും കള കൂടുതലായി വ്യാപിക്കുന്നതിനു കാരണമാകും.

അടുത്ത വിളക്കായുള്ള വിത്തിനു വേണ്ടി തെരഞ്ഞെടുക്കുന്ന നെല്‍പ്പാടങ്ങളിലെ കവട്ടയെന്ന കള തിരഞ്ഞ് അരിഞ്ഞു മാറ്റുകയാണ് കർഷകർ ചെയ്യുന്നത്. ആയതിനാല്‍ അധിക സാമ്പത്തിക ചെലവുണ്ടെങ്കിലും നെല്‍പ്പാടത്ത് ഇറങ്ങി നെല്ലിന് കേടു വരാത്ത രീതിയില്‍ അരിഞ്ഞുമാറ്റുന്ന തിരക്കിലാണ് കർഷകർ.