നെന്മാറയിൽ സ്ഥിരം കൃഷി ഓഫീസർ ഇല്ലാത്തതിനാൽ കാർഷിക മേഖലയുടെ പ്രവർത്തനം താളം തെറ്റുന്നു.

നെന്മാറ: നെന്മാറയിൽ സ്ഥിരം കൃഷി ഓഫീസറുടെ അഭാവത്തിൽ കാർഷികമേഖലയിൽ പ്രവർത്തനം താളം തെറ്റുന്നു. തണ്ണീർത്തട നിയമമനുസരിച്ച് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയുടെ തരംതിരിക്കൽ പ്രവർത്തനം മുടങ്ങി. 260 അപേക്ഷകളാണ് ഈയിനത്തിൽ കെട്ടിക്കിടക്കുന്നത്. കൃഷി ഓഫീസർ ഉൾപ്പെട്ട കമ്മിറ്റിയാണ് തീർപ്പ് കൽപ്പിക്കേണ്ടത്. രണ്ടുവർഷമായി സ്ഥിരമായി കൃഷി ഓഫീസറില്ല. ഇടയ്ക്കു നിയമിച്ച രണ്ടുപേരും സ്ഥലം മാറിപ്പോയി. അധികച്ചുമതലയുള്ള വണ്ടാഴി കൃഷി ഓഫീസറെത്തിയാണ് അത്യാവശ്യരേഖകളിൽ ഒപ്പിടുന്നത്.

പലിശരഹിത വായ്‌പ, ഉഴവുകൂലി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കർഷകരിലെത്തിക്കാൻ കാലതാമസം നേരിടുന്നു. നെന്മാറ കൃഷിഭവന്റെ പരിധിയിൽ 700 ഹെക്‌ടറിലാണ് നെൽക്കൃഷി. തെങ്ങ്, വാഴ, പച്ചക്കറി, കവുങ്ങ് തുടങ്ങിയവ 340 ഹെക്ട‌റിൽ കൃഷി ചെയ്യുന്നുണ്ട്. പഞ്ചായത്തിൽ സ്ഥിരമായി കൃഷി ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകക്കൂട്ടായ്മ കൃഷിവകുപ്പ് ഡയറക്‌ടർക്ക് പരാതി നൽകി.