ആലത്തൂർ താലൂക്ക് ആശുപത്രിക്ക് സ്ഥിരം സൂപ്രണ്ടില്ല.

ആലത്തൂർ: പുതിയ ബഹുനിലമന്ദിരനിർമാണം അടക്കമുള്ള വികസനപ്രവർത്തനങ്ങൾ നടക്കുമ്പോഴും ആലത്തൂർ താലൂക്ക് ആശുപത്രിക്ക് നാഥനില്ല. നിലവിലെ സൂപ്രണ്ട് തൃശ്ശൂരിലേക്ക് സ്ഥലം മാറിപ്പോയിട്ട് മൂന്ന് മാസമായി. സ്ഥലം മാറ്റത്തിന് മുന്നോടിയായി സൂപ്രണ്ട് ദീർഘകാല അവധിയിലുമായിരുന്നു.

പുതിയ കെട്ടിടനിർമാണം ആരംഭിച്ചപ്പോഴും ആരോഗ്യമന്ത്രിയും വകുപ്പ് ഡയറക്ട‌റും ഡി.എം.ഒ.യും സംയുക്തമായി ആശുപത്രി പ്രവർത്തനം വിലയിരുത്താൻ സന്ദർശനം നടത്തിയപ്പോഴും സൂപ്രണ്ട് ഉണ്ടായിരുന്നില്ല. സ്ഥിരം സൂപ്രണ്ടില്ലെന്ന കാര്യം മന്ത്രി മുതലുള്ള അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയില്ല.

മെഡിക്കൽ വിഭാഗത്തിലെ ഫിസിഷ്യനാണ് സൂപ്രണ്ടിന്റെ താത്കാലികച്ചുമതല നൽകിയിരിക്കുന്നത്. ഇതോടെ മെഡിക്കൽ വിഭാഗം ഒ.പി.യിൽ ഫിസിഷ്യൻ്റെ സേവനം കിട്ടാതായി. ആശുപത്രിയിലെ അനുദിന ഭരണകാര്യങ്ങൾ, വകുപ്പുതല കോൺഫറൻസുകൾ, വിവിധ സർക്കാർ വകുപ്പുകൾ വിളിക്കുന്ന യോഗങ്ങൾ എന്നിവയ്ക്കെല്ലാം സൂപ്രണ്ട് പങ്കെടുക്കേണ്ടതുണ്ട്.

സൂപ്രണ്ടിന്റെ ചുമതല നിർവഹിക്കുന്ന ഡോക്‌ടർ ഇതിനൊക്കെ പോകേണ്ടതിനാൽ ഒ.പി.യിൽ വരാനാകുന്നില്ല. മെഡിക്കൽ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകേണ്ടവരെ ജില്ലാ ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയാണ്.

അത്യാഹിതവിഭാഗം മെഡിക്കൽ ഓഫീസർമാരിൽ മൂന്നുപേർ ഇല്ലാത്തതിനാൽ പൊതു ഒ.പി.യിൽ ഡോക്‌ടർമാരുടെ കുറവ് നേരിടുന്നതിന് പുറമേയാണിത്. എട്ട് മെഡിക്കൽ ഓഫീസർമാരിൽ അഞ്ചുപേർ മാത്രമാണുള്ളത്. ആയിരത്തിലേറെ പേർ ഇവിടെ ഒ.പി.യിൽ എത്താറുണ്ട്.